തൊടുപുഴ: താഴെ ആർത്തലച്ചു മലവെള്ളപ്പാച്ചിൽ. മുകളിൽ തൂങ്ങിയാടുന്ന ദുർബലമായ തടിപ്പാലം… നടക്കാൻ തന്നെ ബുദ്ധിമുട്ടുള്ള പാലത്തിലൂടെ മൃതദേഹവും പേറി അവർ മുന്നോട്ട്. ഉണ്ടായിരുന്ന തടിപ്പാലം മലവെള്ളത്തിൽ ഒഴുകിപ്പോയതോടെയാണ് മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ കമുക് ഉപയോഗിച്ചു താത്കാലിക പാലം തീർത്തത്.
മലയിഞ്ചി തെക്കേക്കുന്നേൽ ത്രേസ്യയുടെ മൃതദേഹമാണ് ഇളകിയാടുന്ന പാലത്തിലൂടെ സാഹസികമായി പള്ളിയിലേക്കു കൊണ്ടുപോയത്. ത്രേസ്യയുടെ സംസ്കാരം നടത്തേണ്ടത് രണ്ടു കിലോമീറ്ററോളം ദൂരത്തുള്ള മലയിഞ്ചി സെന്റ് തോമസ് പള്ളി സെമിത്തേരിയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് നാട്ടുകാർ ഈ പാലത്തിലൂടെ അക്കരെ എത്തിയത്.
ഉടുന്പന്നൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട മലയിഞ്ചി, ചാമക്കയം ഭാഗത്തെ നാട്ടുകാരാണ് കാലവർഷമെത്തിയതോടെ സഞ്ചാരമാർഗമില്ലാതെ ദുരിതത്തിലായത്. നേരത്തെ ഇവിടെ പാലം നിർമിക്കാൻ ടെൻഡർ ക്ഷണിക്കുകയും കരാറുകാരൻ നിർമാണച്ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഒരു ഭാഗം തൊടുപുഴ റേഞ്ചിൽ പെരിങ്ങാശേരി ബീറ്റിലുൾപ്പെടുന്ന വനമേഖലയായതിനാൽ വനംവകുപ്പ് തടസം പറഞ്ഞു. അതിനാൽ അതിസാഹസിക യാത്ര നടത്തിയാണ് ഇപ്പോൾ നാട്ടുകാരുടെ സഞ്ചാരം. മഴക്കാലത്ത് മലവെള്ളപ്പാച്ചിലിനു മുകളിലൂടെയുള്ള യാത്ര ആരുടെയും നെഞ്ചിടിപ്പുകൂട്ടും.