ന്യൂഡല്‍ഹി: സഞ്ജിത ചാനുവിന്റെ ഉത്തേജകമരുന്ന് പരിശോധനയുടെ കാര്യത്തില്‍ തെറ്റുപറ്റിയതായി ഇന്റര്‍നാഷണല്‍ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷന് (ഐഡബ്ല്യുഎഫ്). ഉദ്യോഗ തലത്തിലുള്ള തെറ്റുപറ്റലാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ഐഡബ്ല്യുഎഫിന്റെ വെളിപ്പെടുത്തല്‍. പരിശോധനയ്ക്കായി നല്കിയ സാംപിള്‍ നമ്പര്‍ മാറിപ്പോയതായി ഐഡബ്ല്യുഎഫ് സമ്മതിച്ചു. ഇതോടെ ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയ ചാനുവിന് മെഡൽ തിരിച്ചു നല്‍കേണ്ടിവരില്ല. സംഭവത്തിൽ അവർ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടു വ്യത്യസ്ത സാംപിള്‍ നമ്പറാണ് പരിശോധനയ്ക്കായി എടുത്തതെന്നാണ് ഐഡബ്ല്യുഎഫ് പറഞ്ഞത്. ഇതിലൊന്നിന്റെ പരിശോധനയിലാണ് ചാനു ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി ഐഡബ്ല്യുഎഫ് ഈ വര്‍ഷമാദ്യം വെളിപ്പെടുത്തിയത്. എന്നാലിപ്പോള്‍ തങ്ങള്‍ക്കു തെറ്റുപറ്റിയതായി ഐഡബ്ല്യുഎഫ് നാഷണല്‍ ആന്റി ഡോപിംഗ് ഏജന്‍സിക്ക് (നാഡ) കത്തയയ്ക്കുകയായിരുന്നു.
എങ്ങനെയാണ് തെറ്റുപറ്റിയതെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഞ്ജിത ഐഡബ്ല്യുഎഫിന് കത്തെഴുതി. സഞ്ജിതയുടെ സാംപിള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 17നാണ് എടുത്തത്. അമേരിക്കയിലെ ലാസ് വെഗാസില്നടന്ന ലോക ചാമ്പ്യന്‍ഷിപ്പിനിടെയാണ് സഞ്ജിതയില്നിന്ന് ഈ സാംപിളെടുത്തത്. പരിശോധനയില്‍ അനാബൊളിക് സ്റ്റിറോയ്ഡ് കണ്ടെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് താത്കാലികമായി താരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പരിശോധനയില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തല്‍ വന്നപ്പോള്‍ മുതല്‍ താന്‍ നിരപരാധിയാണെന്ന് സഞ്ജിത പറഞ്ഞിയിരുന്നു. എങ്ങനെയാണ് തെറ്റു സംഭവിച്ചതെന്നും അത് വിശദീകരിക്കാനുമാവശ്യപ്പെട്ടാണ് സജിത കത്തയച്ചിരിക്കുന്നത്. ഒരു ഉത്തരവാദപ്പെട്ട ഫെഡറേഷന് സംഭവിക്കാൻ പാടില്ലാത്ത തെറ്റാണ് സംഭവിച്ചതെന്നും സഞ്ജിത പറഞ്ഞു.