വടക്കാഞ്ചേരി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലെ ചായക്കടയിലേക്ക് പാഞ്ഞുകയറി മുപ്പതോളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.കുന്നംകുളത്തുനിന്നും വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്ന ജോഷിമോൻ എന്ന ബസാണ് ഇന്നു രാവിലെ ഒന്പതരയോടെ ഒന്നാംകല്ലിൽ വച്ച് റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത്. വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവർക്കാണ് പരിക്കേറ്റത്.
ചായക്കടയിൽ ആരുമുണ്ടായിരുന്നില്ല. ഒന്നാംകല്ല് സ്വദേശി മേനോത്തുപറന്പിൽ ഗണേശനാണ്(48) ഗുരുതരമായി പരിക്കേറ്റത്. എരുമപ്പെട്ടിയിൽ പോയി ഒന്നാംകല്ലിലേക്കു മടങ്ങുകയായിരുന്ന ഗണേശൻ ബസിൽനിന്നിറങ്ങാനായി നിൽക്കുന്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗണേശനടക്കം അഞ്ചുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ഓട്ടുപാറയിലെ ജില്ലാ ആശുപത്രിയിൽ പ്രവശിപ്പിച്ചു.
ഒന്നാംകല്ല് സ്റ്റോപ്പിൽ ബസ് നിർത്താൻ ഏകദേശം 25 മീറ്റർ ദൂരം മാത്രമേയുണ്ടായിരുന്നുള്ളൂ. അപ്പോഴായിരുന്നു അപകടം. ബസിന്റെ ലീഫ്ബെൽറ്റ് പൊട്ടിയതിനെതുടർന്നാണ് നിയന്ത്രണം വിട്ടതെന്ന് കരുതുന്നു. അമ്മണത്ത് മൊയ്തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സുശീലൻ എന്നയാളുടെ ചായക്കടയാണ് ബസിടിച്ച് തകർന്നത്. ചായക്കടയിൽ അപകട സമയത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ചായക്കടയുടെ സമീപത്തെ ഗാരേജിൽ വച്ചിരുന്ന സിപിഐ നേതാവും പ്രാദേശിക പത്രപ്രവ ർത്തകനുമായ വി.ജെ.ബെന്നിയുടെ ബൈക്കും അപകടത്തിൽ തകർന്നു. വടക്കാഞ്ചേരി പോലീസ്, ജോയിന്റ് ആർടിഒ എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടം നടന്നയുടൻ ബസ് ഡ്രൈവറും ജീവനക്കാരും ഇറങ്ങിയോടി. നാട്ടുകാരും വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരും ചേർന്നാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ക്രെയിൻ കൊണ്ടുവന്ന് ബസ് എടുത്തു മാറ്റി.