പയ്യന്നൂര്‍:റോഡ് മുറിച്ച് കടക്കുന്നതിനായി സീബ്രാലൈനിലൂടെ പോകുകയായിരുന്ന കാല്‍നട യാത്രക്കാരിയുടെ കാലിൽ കാർ കയറി. ഓലയമ്പാടിയിലെ വലിയവളപ്പില്‍ പത്മാക്ഷി(52)ക്കാണ് പരിക്കേറ്റത്.ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിനു സമീപത്തെ സീബ്രാ ലൈനിലാണ് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന പത്മാക്ഷിയുടെ കാലിലൂടെ നിര്‍ത്താതെ വന്ന കെഎല്‍ 14 എം 6988 സ്വിഫ്റ്റ് കാര്‍ കയറിയിറങ്ങുകയായിരുന്നു.അപകടത്തില്‍ യാത്രക്കാരിയുടെ കാല്പാദത്തിന്റെ എല്ല് പൊട്ടിയിട്ടുണ്ട്.
നഗരത്തിലെ പ്രധാന റോഡിന്റെ മെക്കാഡം ടാറിംഗ് പൂര്‍ത്തീകരിച്ച ശേഷം വിവിധയിടങ്ങളിലായി കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി സീബ്രാലൈനുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇത് കാല്‍നടയാത്രക്കാര്‍ക്ക് പൂർണമായും ഉപയോഗപ്രദമാക്കാന്‍ കഴിയുന്നില്ല.
റോഡ് മുറിച്ച് കടക്കാനായി ആളുകള്‍ കാത്തുനില്‍ക്കുന്നത് കണ്ടാലും വാഹനങ്ങള്‍ നിര്‍ത്താറില്ല എന്ന് മാത്രമല്ല സീബ്രാലൈനിലൂടെ കടന്നുപോകുന്നവരോട് വേഗം കടന്നുപോകാനായി അസഭ്യങ്ങള്‍ പറയുന്ന ഡ്രൈവര്‍മാരുമുണ്ട്.ട്രാഫിക്ക് സിഗ്നലുകളെപറ്റിയുള്ള ഡ്രൈവര്‍മാരുടെ അജ്ഞതയകറ്റാനുള്ള ഇടപെടലുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.