2005 ഡിസംബറിൽ തുടങ്ങി 2014 ഡിസംബറിൽ അവസാനിച്ച എം.എസ്. ധോണിയുടെ ടെസ്റ്റ് കരിയറിനുശേഷം ഇന്ത്യ ഇപ്പോൾ വിക്കറ്റിനു പിന്നിൽ നിൽക്കാൻ ഒരു വിശ്വസ്ത കൈകൾക്കായുള്ള തെരച്ചിലിൽ. അടുത്ത മാസം ഒന്നിന് ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്പോൾ ദിനേശ് കാർത്തികും പുതുമുഖം ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർമാരായി ഇന്ത്യൻ നിരയിലുള്ളത്.
ധോണി ഒഴിച്ചിട്ടുപോയ ഇരിപ്പിടത്തിൽ അദ്ദേഹത്തിനുശേഷം ഏറ്റവും അധികം തവണ എത്തിയ വൃദ്ധിമാൻ സാഹയ്ക്കും പാർഥിവ് പട്ടേലിനും പരിക്കേറ്റതോടെയാണിത്. പരിചയസന്പത്തിന്റെ കാര്യത്തിൽ മുന്നിലുള്ള കാർത്തിക് തന്നെയായിരിക്കാം ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ഗ്ലൗ അണിയുക.
എന്നാൽ, മുപ്പത്തിമൂന്ന് വയസിലെത്തിനിൽക്കുന്ന കാർത്തിക്, സാഹ, പട്ടേൽ എന്നിവർക്കു പിൻമുറക്കാരനെയാണ് ബിസിസിഐ ഋഷഭ് പന്തിലൂടെ ഒരുപക്ഷേ കാണുന്നത്. ഐപിഎലിലെ പ്രകടനവും അണ്ടർ 19 ഇന്ത്യക്കുവേണ്ടിയുള്ള പ്രകടനവും പന്ത് എന്ന ഇരുപതുകാരനെ ഇന്ത്യൻ ടീമിലെത്തിച്ചിരിക്കുന്നു. ഇന്ത്യ എ, അണ്ടർ 19 പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ ഇഷ്ട കളിക്കാരൻകൂടിയാണെന്നത് പന്തിന്റെ പ്ലസ് പോയിന്റാണ്.
ധോണിയുടെ വിരമിക്കലിനുശേഷം പാർഥിവ് പട്ടേൽ, വൃദ്ധിമാൻ സാഹ, ദിനേശ് കാർത്തിക് എന്നിവർ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരായി. ധോണിയുടെ വിരമിക്കലിനു തൊട്ടു മുന്‍പും ശേഷവും ആ ചുമതല വഹിച്ചത് സാഹയായിരുന്നു. 2014ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ സാഹയായിരുന്നു വിക്കറ്റിനു പിന്നിൽ.
തുടർന്നുള്ള രണ്ടും മൂന്നും ടെസ്റ്റുകളിൽ കളിച്ച് ധോണി ടെസ്റ്റിനോട് വിടപറഞ്ഞു. തുടർന്ന് സ്വാഭാവികമായി ആ ചുമതല സാഹയുടെ ചുമലിൽ എത്തി. എന്നാൽ, ധോണിയുടെ ടെസ്റ്റ് അരങ്ങേറ്റത്തിനും മുന്‍പ് കളിയാരംഭിച്ചതാരമാണ് കാർത്തിക് എന്നത് വിസ്മരിച്ചുകൂടാ.
2004 നവംബറിൽ ഓസ്ട്രേലിയയ്ക്കെതിരേ അരങ്ങേറിയ കാർത്തികിന്റെ ടെസ്റ്റ് ജീവിതത്തിൽ ഇടവേളകൾ ഉണ്ടായി. 2005നുശേഷം രണ്ടു വർഷത്തെ ഇടവേള കഴിഞ്ഞ് 2007 മുതൽ 2010വരെ പിന്നീട് എട്ടു വർഷങ്ങൾക്കുശേഷം ഈ വർഷം ജനുവരിയിൽ ബംഗ്ലാദേശിനെതിരേ മടങ്ങിവരവും. 2007ൽ കാർത്തിക് ടീമിൽ മടങ്ങിയെത്തിയത് ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്നു എന്നതും ശ്രദ്ധേയം.
ധോണിക്കും കാർത്തികിനും മുന്‍പ് ഇന്ത്യൻ വിക്കറ്റ് കാത്തതാരമാണ് പാർഥിവ് പട്ടേൽ. 2002ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ അരങ്ങേറിയ പാർഥിവിന് 2008നുശേഷം 2016ലാണ് തലകാണിക്കാൻ സാധിച്ചത്. ഈ വർഷം ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു പാർഥിവിന്റെ അവസാന ടെസ്റ്റ്. അതേ പര്യടനത്തിലായിരുന്നു സാഹയുടെയും അവസാന മത്സരം.
പക്ഷേ, 2010ൽ അരങ്ങേറിയ സാഹ പാർഥിവിനേക്കാളും കാർത്തികിനേക്കാളും ടെസ്റ്റിൽ കളിച്ചിട്ടുമുണ്ട്. ഈ മൂവർക്കുമുള്ള കടുത്ത വെല്ലുവിളിയാകാനാണ് ഋഷഭ് പന്തിന്റെ ശ്രമം. ധോണിയുടെ യഥാർഥ പിൻഗാമിയെ യുവതാരമായ പന്തിൽ കണ്ടാൽ അദ്ഭുതപ്പെടാനില്ല. ഇംഗ്ലണ്ട് പര്യടനം ഭാവി ഇന്ത്യൻ വിക്കറ്റ് കീപ്പറെ നിശ്ചയിക്കാനാണ് സാധ്യത.
വൃദ്ധിമാൻ സാഹ
പ്രായം: 33
ടെസ്റ്റ്: 32
ഇന്നിംഗ്സ്: 46
റണ്‍സ്: 1,164
ശരാശരി: 30.63
ഉയർന്ന സ്കോർ: 117
100/50: 03/05
ക്യാച്ച്/സ്റ്റംപിംഗ്: 75/10
പാർഥിവ് പട്ടേൽ
പ്രായം: 33
ടെസ്റ്റ്: 25
ഇന്നിംഗ്സ്: 38
റണ്‍സ്: 934
ശരാശരി: 31.13
ഉയർന്ന സ്കോർ: 71
100/50: 00/06
ക്യാച്ച്/സ്റ്റംപിംഗ്: 62/10
ദിനേശ് കാർത്തിക്
പ്രായം: 33
ടെസ്റ്റ്: 24
ഇന്നിംഗ്സ്: 38
റണ്‍സ്: 1,004
ശരാശരി: 27.13
ഉയർന്ന സ്കോർ: 129
100/50: 01/07
ക്യാച്ച്/സ്റ്റംപിംഗ്: 52/0
ഋഷഭ് പന്ത്
പ്രായം: 20
ഫസ്റ്റ് ക്ലാസ്: 23
ഇന്നിംഗ്സ്: 34
റണ്‍സ്: 1,744
ശരാശരി: 54.50
ഉയർന്ന സ്കോർ: 308
100/50: 04/08
ക്യാച്ച്/സ്റ്റംപിംഗ്: 66/076