സി.സി.സോമൻ
കോട്ടയം: പ്രളയജലത്തോടൊപ്പം ഒഴുകിയെത്തിയ ചെളിയും മാലിന്യവും കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ വീണ് 120 വീട്ടുകാരുടെ വെള്ളംകുടി മുട്ടി. മണർകാട് പഞ്ചായത്തിലെ ഐരാറ്റുനട നിരമറ്റം നിവാസികളാണ് രണ്ടാഴ്ചയായി കുടിവെള്ളം കിട്ടാതെ വലയുന്നത്. ഇപ്പോൾ ദൂരെ സ്ഥലത്തു നിന്നാണ് ഇവിടത്തുകാർ വെള്ളം ശേഖരിക്കുന്നത്.
അഞ്ചു വർഷം മുൻപുവരെ വെള്ളത്തിനായി കിലോമീറ്റുകൾ നടന്ന് കഷ്ടപ്പെട്ടവരാണ് നിരമറ്റം നിവാസികൾ. നിരമറ്റം കുടിവെള്ള പദ്ധതി വന്നതോടെ ഇവരുടെ കഷ്ടപ്പാടിന് അറുതിയായി. നിരമറ്റം കുന്നിൻ മുകളിൽ 26000 ലിറ്റർ കൊള്ളുന്ന ടാങ്ക് സ്ഥാപിച്ച് സമീപത്തെ താഴ്ചയിലുള്ള കിണറ്റിൽ നിന്ന് വെള്ളം സംഭരിച്ച് വിതരണം ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് ഇവിടത്തുകാരുടെ വെള്ളംകുടി മുട്ടിച്ചത്. കിണറ്റിലേക്ക് ചെളിയും മാലിന്യവുമെല്ലാം ഒഴികിയെത്തിയതോടെ കിണർ വൃത്തിഹീനമായി. മോട്ടോർ പുര വരെ വെള്ളത്തിലായിരുന്നു. കിണറ്റിൽ വീണുകിടക്കുന്ന ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാതെ പന്പിംഗ് തുടരാൻ കഴിയില്ല.
ഇതിനുള്ള ഭാരിച്ച ചെലവ് വഹിക്കാൻ നിവൃത്തിയില്ലാതെ വലയുകയാണ് നിരമറ്റത്തെ സാധാരണക്കാരായ ജനങ്ങൾ. കോട്ടയം ജില്ലയെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ നിരമറ്റം കുടിവെള്ള പദ്ധതിക്ക് നേരിട്ട പ്രതിസന്ധി പരിഹരിക്കാനുള്ള സഹായം ലഭിക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. ഇതിനായി ജില്ലാ കളക്ടർക്ക് നിവേദനം നല്കാൻ തീരുമാനിച്ചിട്ടുണ്ട്.
സഹായ അഭ്യർഥനയുമായി ജനപ്രതിനിധികളെയും സമീപിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ വീണ ചെളിയും മാലിന്യമടങ്ങിയ വെള്ളവും അടിയന്തരമായി നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടപെടേണ്ടിയിരിക്കുന്നു. യുദ്ധകാല അടിസ്ഥാനത്തിൽ കിണർ വൃത്തിയാക്കി ഒരു പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയാണ് വേണ്ടത്.