എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: കെപി.സി.സി പ്രസിഡന്റ് ഉടനെന്ന് സൂചന. ഹൈക്കമാന്റ് ഡി.സി.സി. പ്രസിഡന്റുമാരുടേയും മുതിർന്ന നേതാക്കളുടേയും അഭിപ്രായം തേടി. പുതിയ പ്രസിഡന്റ് ഉടൻ വേണമെന്ന ആവശ്യം സംസ്ഥാനത്തു നിന്ന് വീണ്ടും ശക്തമായ ഘട്ടത്തിലാണ് 14 ജില്ലയിലേയും പ്രസിഡന്റുമാരോടും മുതിർന്ന നേതാക്കളോടും പുതിയ കെപിസിസി പ്രസിഡന്റ് ആരാകണമെന്ന അഭിപ്രായം തേടിയത്.
പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് വൈകുന്നത് ലോക്സഭാ തെരഞ്ഞടുപ്പു ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്ക ശക്തമായി തന്നെ ഹൈക്കമാന്റിനു മുന്നിലെത്തിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി മുകുൾ വാസ്നിക്കിനോട് പുതിയ പ്രസിഡന്റിനെ സംബന്ധിച്ച ചുരുക്കപ്പട്ടിക നൽകാൻ ആവശ്യപ്പെട്ടു. ബെന്നിബഹന്നാൻ, വി.ഡി സതീശൻ,കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ എന്നിവരുടെ പേരാണ് അവസാന പട്ടികയിൽ ഉള്ളത്.
ബെന്നി ബഹന്നാനോ മുല്ലപ്പള്ളി രാമചന്ദ്രനോ പ്രസിഡന്റാകാനാണ് കൂടുതൽ സാധ്യത. ജാതി സമവാക്യവും ബെന്നിയ്ക്കാണ് മുൻതൂക്കം നൽകുന്നത്. ഭൂരിപക്ഷ സമുദായത്തിൽ നിന്ന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ആയ സ്ഥിതിയ്ക്ക് ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഒരാളെ പ്രസിഡന്റാക്കണമെന്ന ആവശ്യമാണ് എ ഗ്രൂപ്പു മുന്നോട്ടു വയ്ക്കുന്നത്.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരേ വിഭാഗത്തിൽ നിന്ന് വന്നാൽ അതു തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് മുൻ കണക്കുവച്ചു തന്നെ എ ഗ്രൂപ്പ് ഹൈക്കമാന്റിനെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. കൂടാതെ എ ഗ്രൂപ്പിന് കാര്യമായ സ്ഥാനങ്ങളൊന്നും തത്കാലം നിലവില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎ ആയിരുന്ന ബെന്നിയെ മാറ്റിയാണ് പി.ടി തോമസിനെ തൃക്കാക്കരയിൽ സ്ഥാനാർഥിയാക്കിയത്.
ഇതുകൊണ്ട് ബെന്നിയെ തന്നെ പ്രസിഡന്റാക്കണമെന്ന ആവശ്യം ഉമ്മൻചാണ്ടി തന്നെ ഹൈക്കമാന്റിനു മുന്നിൽ വച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം കൂടി ആയ സ്ഥിതിക്ക് അദ്ദേഹത്തിന്റെ ആവശ്യത്തെ ഹൈക്കമാന്റിന് അത്രവേഗം തള്ളിക്കളയാനാകില്ല.
ആന്റണിയുടെ പിന്തുണയാണ് നിർണായകമാകുക. ആന്റണിയ്ക്ക് ബെന്നിയോടും മുല്ലപ്പള്ളി രാമചന്ദ്രനോടും എതിർപ്പില്ല. ഈ സാഹചര്യത്തിൽ ഇവരിൽ ഒരാൾ കെപിസിസി പ്രസിഡന്റാകുമെന്ന സൂചന തന്നെയാണ് ഹൈക്കമാന്റ് വൃത്തങ്ങളും നൽകുന്നത്.
തീരുമാനം അധികം വൈകില്ലെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് ഹൈക്കമാന്റ് വൃത്തങ്ങളിൽ നിന്നും രാഷ്ട്രദീപികയ്ക്ക് ലഭിച്ച വിവരം. നേരത്തെ പ്രസിഡന്റു സ്ഥാനത്തേയ്ക്കു പറഞ്ഞു കേട്ട പേരുകളിൽ മുൻപന്തിയിലായിരുന്ന കെ സുധാകരൻ പട്ടികയിൽ അവസാനത്തെ സ്ഥാനത്താണ്.
സുധാകരനെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി കെപിസിസി ആസ്ഥാനത്തിന്റെ മുന്നിലടക്കം ഫ്ളക്സുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടതിൽ ഹൈക്കമാന്റിന് വലിയ അതൃപ്തിയാണ്. ഇതിനു പുറമെ രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സുധാകരനെ പ്രസിഡന്റാക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജുകൾ നിറഞ്ഞത് രാഹുലിനെ ചൊടിപ്പിച്ചിരുന്നു.
ഇതിനു പിന്നിൽ സുധാകര അനുകൂലികളെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള അതൃപ്തി സുധാകരനെ ഹൈക്കമാന്റ് ഡെൽഹിയിൽ വിളിപ്പിച്ചു തന്നെ അറിയിച്ചിരുന്നു. ഇതാണ് സുധാകരനെ മുന്നിൽ നിന്നു പിന്നിലേയ്ക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്.
പിന്നെ സാധ്യതയുള്ളവരിൽ വിഡി സതീശനും കൊടിക്കുന്നിൽ സുരേഷുമാണ്. പിന്നോക്ക ജാതിയിൽപ്പെട്ട നേതാവെന്ന പരിഗണനയും ഹൈക്കമാന്റ് വൃത്തങ്ങളുമായുള്ള ബന്ധവുമാണ് സുരേഷിനേയും അന്തിമപട്ടികയിൽ എത്തിച്ചിരിക്കുന്നത്.
സതീശൻ പ്രസിഡന്റാകുന്നതിനോടാണ് രാഹുലിന് താത്പര്യം. ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്ന സാഹചര്യത്തിൽ അതേ വിഭാഗത്തിൽ നിന്നും ഗ്രൂപ്പിൽ നിന്നും ഒരാളെ പ്രസിഡന്റാക്കിയാൽ അതു ഗുണചെയ്യില്ലെന്ന അഭിപ്രായം ഹൈക്കമാന്റിനു മുന്നിലുണ്ട്.
ഇതു എ ഗ്രൂപ്പിനെ ചൊടിപ്പിക്കാനും ഇടയാക്കും. ഇതാണ് സതീശനു മുന്നിലുള്ള വലിയ തടസം. ഇതു മറകടന്ന് സതീശന് പ്രസിഡന്റാകണമെങ്കിൽ രാഹുൽ തന്നെ തീരുമാനമെടുക്കണം.