ഒരു ഒപ്പിലൂടെ സെലിബ്രിറ്റികളാവുക എന്നൊക്കെ പറയുന്നത് ഒരുപക്ഷേ ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ അത് സംഭവിച്ചിരിക്കുകയാണ് ബംഗാളിലെ ബാങ്കൂര ജില്ലയിലെ താമസക്കാരായ റീത്ത മുദി അനിത മുദി എന്നീ പെണ്‍കുട്ടികള്‍ക്ക്. സ്വന്തം നാടായ റാണിബന്ദിലെ താരങ്ങളാണിന്നിപ്പോള്‍ ഇവര്‍.
ഒപ്പിലൂടെ താരമായവരാണിവര്‍. അതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒപ്പിലൂടെ. പ്രശ്‌സതരായെന്ന് മാത്രമല്ല ഇപ്പോള്‍ റീത്തയ്ക്ക് വിവാഹാലോചനകളുടെയും പെരുമഴയാണ്.
കഴിഞ്ഞ 16 ന് പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനായി അമ്മയ്ക്കും സഹോദരി അനിതയ്ക്കുമൊപ്പം റീത്തയും മിഡ്നാപ്പൂരില്‍ പോയിരുന്നു. എന്നാല്‍, പന്തല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മൂവരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.
പിന്നീട് ആശുപത്രി സന്ദര്‍ശിച്ച മോദിയോട് റീത്ത ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫായിരുന്നു. റീത്തയുടെ ആഗ്രഹം പോലെ പ്രധാന മന്ത്രി ഒട്ടോഗ്രാഫ് നല്‍കി. ആശുപത്രിക്കിടക്കയില്‍ റീത്തയെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും വൈറലായി. തൊട്ടുമുമ്പത്തെ ദിവസം വരെ തങ്ങളോട് സംസാരിക്കാതിരുന്നവരുള്‍പ്പെടെ ഓട്ടോഗ്രാഫ് കാണാനായെത്തുന്ന സ്ഥിതിവിശേഷമാണ് പിന്നീടുണ്ടായതെന്നു റീത്ത പറയുന്നു.
സന്ദര്‍ശകര്‍ മാത്രമല്ല, കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകത്ത് ധാരാളം വിവാഹാലോചനകളും റീത്തയ്ക്ക് വന്നെന്നും അമ്മ പറയുന്നു. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ണമായും കഴിഞ്ഞിട്ടേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നാണ് എല്ലാവരുടെയും തീരുമാനം. റാണിബന്ദ് കോളജില്‍ ബിരുദ വിദ്യാര്‍ഥിനികളാണ് റീത്തയും അനിതയും.