തലശേരി: ആര്‍എസ്എസ് പ്രവര്ത്തകന് ന്യൂമാഹി പെരിങ്ങാടിയിലെ യു.സി.ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയായി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാൽ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സിഐ എം.പി ആസാദ് രാഷ്ട്രദീപികയോട് പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുടെയും സംഭവസമയത്ത് ഷമേജും പ്രതികളും ധരിച്ചിരുന്ന വസ്ത്രങ്ങളുടെയും പരിശോധനാ ഫലമാണ് ഫോറന്‍സിക് ലാബില്‍ നിന്നും ലഭിക്കേണ്ടത്. കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലാകാനുണ്ട്. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. അമ്പത് സാക്ഷികളുടെ മൊഴിയാണ് അന്വേഷണസംഘം ഇതിനകം രേഖപ്പെടുത്തിയിട്ടുള്ളത്.
പുതിയപറമ്പത്ത് വീട്ടില്‍ ഷബിന് രവീന്ദ്രന് എന്ന ചിക്കു (28), ചെറുകല്ലായി മലയങ്കര വീട്ടില്‍ എം.എം ഷാജി എന്ന മണ്ണട്ട ഷാജി(38), പള്ളൂര്‍ നാലുതറയിലെ നടയന്റവിട ലിജിന്‍ എന്ന ലിച്ചു (38), പുതിയ പറമ്പത്ത് ഷാജി എന്ന സജീഷ് (45) ന്യൂമാഹി ബൈത്തുല്‍ സെയ്നില്മു ഹമ്മദ് ഫൈസല്‍ (40), കുന്നാംകുളത്ത് വീട്ടില്‍ രാഗില്‍, (28) ചെറുകല്ലായി വയലക്കര വീട്ടില്‍ രാജേഷ് (45)എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
കഴിഞ്ഞ മേയ് ഏഴിന് രാത്രിയാണ് ഷമേജ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് പള്ളൂരില്‍ സിപിഎം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട വിവരമറിഞ്ഞ് പെരിങ്ങാടി കൊമ്മോത്ത് പീടികയിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ മടങ്ങവെ ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.