വളരെ തിരക്കേറിയ ട്രെയിനിൽ കയറുന്നതിനിടെ വീണ് ബോഗിക്കും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ യുവതിയെ അതിസാഹസികമായി രക്ഷിച്ച ആർപിഎഫ് ഉദ്യോഗസ്ഥനെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. മുംബൈയിലെ കനുജ്മാർഗ് സ്റ്റേഷനിലാണ് സംഭവം.
വളരെയധികം ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ബോഗിയിൽ കയറിപ്പറ്റിയ ഈ യുവതിയുടെ വസ്ത്രം കുടുങ്ങിയതിനെ തുടർന്നാണ് ഇവർ ട്രെയിനിൽ നിന്നും വീണത്. ഇവരുടെ കാലുകൾ ബോഗിക്കും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങുകയും ചെയ്തു.
സംഭവം കണ്ട് സമീപമുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ഞൊടിയിടയിലെത്തി ഇവരെ വലിച്ചു മാറ്റിയതിനാൽ ഗുരുതര പ്രശ്നങ്ങളൊഴിവായി. രക്ഷാപ്രവർത്തനത്തിനിടെ ഇദ്ദേഹവും നിലത്തു വീഴുന്നത് വീഡിയോയിൽ വ്യക്തമാണ്.
സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിനെ തുടർന്നാണ് ഈ ആർപിഎഫ് ഉദ്യോഗസ്ഥനെ പ്രശംസിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. രാജ് കമൽ യാദവ് എന്നാണ് ഈ ആർപിഎഫ് ഉദ്യോഗസ്ഥന്റെ പേര്.