ബോളിവുഡിലെ വിവാദനായകൻ സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സഞ്ജുവിനെതിരെ അധോലോക നായകൻ അബുസലിം. ചിത്രത്തിൽ തന്നെക്കുറിച്ച് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നുണ്ടെന്ന് കാട്ടി അദ്ദേഹം സിനിമയുടെ സംവിധായകനായ രാജ്കുമാർ ഹിറാനിക്ക് വക്കീൽ നോട്ടീസ് അയച്ചു. തന്നെപ്പറ്റിയുള്ള ഭാഗങ്ങൾ സിനിമയിൽ നിന്നും പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ നീക്കം ചെയ്യണമെന്നും അദ്ദേഹം വക്കീൽ നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.
1993ലെ കലാപസമയത്ത് കൈയ്യിൽ ആയുധം സൂക്ഷിച്ചെന്ന് സഞ്ജുവിന്റെ കഥാപാത്രം സിനിമയിൽ സമ്മതിക്കുന്ന രംഗമുണ്ട്. മാത്രമല്ല അബുസലിമാണ് ഈ ആയുധങ്ങൾ കൈമാറിയതെന്നും പറയുന്നുണ്ട്. ഈ രംഗങ്ങളാണ് പ്രശ്നങ്ങൾക്കു കാരണം.
എന്നാൽ താൻ ഒരിക്കൽ പോലും സഞ്ജയ് ദത്തുമായി കൂടിക്കാഴ്ച്ച നടത്തുകയോ ആയുധം കൈമാറുകയോ ചെയ്തിട്ടില്ലെന്നാണ് അബുസലീം പറയുന്നത്. 1993ലെ കലാപത്തെ തുടർന്ന് പിടിയിലായ അബുസലീം ഇപ്പോൾ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.