ആദ്യത്തെ കുട്ടി വളർന്നുവരുന്നു, രണ്ടാമത്തെ കുട്ടി ഉടനെയാവും. കുട്ടികൾ വളർന്നുവരുന്നത് സമാധാന അന്തരീക്ഷത്തിലാവണം. അതിനാലാണ് പുതിയ താമസസ്ഥലത്തേക്ക് ഷാഹിദും കുടുംബവും താമസം മാറ്റുന്നത്-ഷാഹിദിന്റെ അയൽക്കാരിലൊരാൾ പറയുന്നു.
ബോളിവുഡ് സുന്ദരൻ ഷാഹിദ് കപൂറും ഭാര്യ മിറയും മകൾ മിഷയും ജുഹുവിലെ വീട്ടിൽനിന്ന് പുതിയ ആഡംബര അപ്പാർട്ട്മെന്റിലേക്ക് എന്തിനു താമസം മാറുന്നുവെന്ന് തിരക്കിയ പപ്പരാസികളോടാണ് ജുഹുവിലെ അയൽക്കാരിലൊരാൾ ഇങ്ങനെ പ്രതികരിച്ചത്.
ഷാഹിദ് കപൂറിന് സന്തോഷത്തിന്റെ നാളുകളാണ്. അവസാനമായി പുറത്തിറങ്ങിയ പത്മാവത് ബോക്സ്ഓഫീസിൽ മുന്നൂറുകോടി രൂപ വാരി. ഇതോടൊപ്പം ഭാര്യ മിറ രണ്ടാമതും ഗർഭിണിയാണ്. ഇതു രണ്ടുമാണ് ഷാഹിദിനു സന്തോഷം നൽകുന്ന കാര്യങ്ങൾ.
മുംബൈയിൽ 55.60 കോടി രൂപ മുടക്കി ഷാഹിദ് ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്. വീടിന്റെ രജിസ്ട്രേഷനു മാത്രമായി മൂന്നുകോടിയോളം രൂപ മുടക്കി. ത്രീ സിക്സ്റ്റി വെസ്റ്റിലെ ടവർ ബിയുടെ 42,43 ഫ്ളോറുകളാണ് ഷാഹിദ് സ്വന്തമാക്കിയത്. 427.98, 300.48 സ്ക്വയർ മീറ്ററിലുള്ള ഫ്ളോറുകളും 40.88 സ്ക്വയർ മീറ്റർ ബാൽക്കണിയുമുള്ള വീടിന്റെ മുഴുവൻ സ്ക്വയർഫീറ്റ് 8625ആണ്.
അഭിഷേക് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയവരാണ് അപ്പാർട്മെന്റിൽ ഷാഹിദിന്റെ ബിടൗണ് അയൽവാസികൾ. അക്ഷയ് കുമാർ 27 കോടി മുടക്കിയും അഭിഷേക് 41 കോടി മുടക്കിയുമാണ് ത്രീ സിക്സ്റ്റി വെസ്റ്റിൽ ഗൃഹം സ്വന്തമാക്കിയത്. ഷാഹിദ് കപൂറിന്റെയും മിറയുടെയും പേരിലാണ് അപ്പാർട്മെന്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിൽഡിങ്ങിൽ ഷാഹിദിനായി ആറു പാർക്കിങ് സ്പോട്ടുകളും ലഭിക്കും.
മകൾ മിഷയ്ക്കും ഭാര്യ മിറയ്ക്കുമൊപ്പം ഷാഹിദ് എന്നാണ് പുതിയ വീട്ടിലേക്കു മാറുന്നത് എന്നു വ്യക്തമായിട്ടില്ല. ജുഹുവിൽ ഏറിവരുന്ന ലൈംഗിക തൊഴിലും അസമാധാന അന്തരീക്ഷവുമാണത്രേ വീടു മാറാൻ ഇവരെ പ്രേരിപ്പിച്ചത്. എന്നാൽ ഷാഹിദോ മിറയോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.