വൈക്കം: വീട്ടിലും പരിസരത്തും വെള്ളം കയറിയതിനെത്തുടർന്ന് മരണപ്പെട്ട ഗൃഹനാഥന്റെ മൃതദേഹം വീട്ടിലെ തൊഴുത്തിൽ സംസ്കരിച്ചു. വൈക്കം ഉദയനാപുരം പഞ്ചായത്ത് ഒന്പതാം വാർഡ് കൊടിയാട് കണിയാംതറ പ്രഭാകരനാ ( 75) ണ് മരിച്ചത്.
വെള്ളപ്പൊക്ക ദുരിതത്തെ തുടർന്ന് പ്രഭാകരനും ഭാര്യ ചെല്ലമ്മയും കൊടിയാട് കമ്മ്യൂണിറ്റി സെന്ററിൽ കഴിഞ്ഞു വരികയായിരുന്നു. ക്യാന്പിൽ കഴിയുന്നതിനിടയിൽ പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് പ്രഭാകരനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മരിച്ചു.
കർഷക തൊഴിലാളിയായിരുന്ന പ്രഭാകരന്റെ നിർധന കുടുംബം പണികൾ കുറഞ്ഞതോടെ ഏതാനും വർഷങ്ങളായി പശുവളർത്തിയാണ് ഉപജീവനം നടത്തിവന്നിരുന്നത്. വെള്ളം പൊങ്ങിയതോടെ വീട്ടിൽ താമസിക്കാൻ കഴിയാതെ വന്നതോടെ പ്രഭാകരനും ഭാര്യയും ക്യാന്പിലേക്ക്ക്ക് മാറി.പ്രഭാകരന്റെ മകൻ കെ.പി ഹരിയും ഭാര്യയും പശുക്കൾ ഉള്ളതിനാൽ വീട്ടിൽ തന്നെ തങ്ങുകയായിരുന്നു.
വെള്ളം നിറഞ്ഞപാടശേഖരത്തിനു നടുവിൽ വെള്ളത്തിലമർന്ന വീട്ടിൽ മരണാനന്തര ചടങ്ങുകൾ നിർവഹിക്കാൻ കഴിയാതിരുന്നതിനാൽ ബന്ധുവീട്ടിൽ പൂജാധികർമങ്ങളും പൊതുദർശനവുംനടത്തിയ ശേഷമാണ് ആംബുലൻസിൽ മൃതദേഹം വീട്ടിലെത്തിച്ചത്.
പശുക്കളെ പരിപാലിച്ച് ജീവിതം നയിച്ച പ്രഭാകരന്റെ മൃതദേഹം ഒടുവിൽ വീട്ടിൽവെള്ളം കയറാത്ത ഒരിടമായി അവശേഷിച്ച തൊഴുത്തിൽ തന്നെ സംസ്കരിക്കേണ്ട ദുര്യോഗമാണുണ്ടായത്.