കറുകച്ചാൽ: വീടിന്റെ തിണ്ണയിൽ പ്രസവിച്ച തെരുവുനായയെ പേടിച്ച് വൃദ്ധദന്പതികൾ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിഞ്ഞത് മൂന്നു ദിവസം. നെത്തല്ലൂർ ജംഗ്ഷന് സമീപത്തെ വീട്ടിലാണ് സംഭവം.
വയോധികരായ ദന്പതികൾ ഒറ്റയ്ക്കു കഴിയുന്ന വീടിന്റെ തിണ്ണയിലാണ് കഴിഞ്ഞ ദിവസം നായ പ്രസവിച്ചത്. പിറ്റേന്ന് പുലർച്ചെ ഇവർ വാതിൽ തുറന്നപ്പോഴാണ് സംഭവം അറിഞ്ഞത്. നാലു കുഞ്ഞുങ്ങളുമായി തിണ്ണയിൽ കിടക്കുകയായിരുന്നു നായ. വാതിൽ തുറക്കുന്ന ശബ്ദം കേട്ടതോടെ നായ ഇവർക്കുനേരെ കുരച്ചു കൊണ്ടുചെന്നു.
ഭീതിയിലായ ദന്പതികൾ ഉടൻതന്നെ വാതിലടച്ചു. ജനാലയിലൂടെ നായയെ ഓടിക്കുവാൻ ഇവർ ശ്രമിച്ചെങ്കിലും നായ പിന്തിരിഞ്ഞില്ല. എന്നാൽ മൂന്നാം ദിവസമാണ് അയൽവാസികൾ വിവരം അറിഞ്ഞത്. പ്രസവിച്ചു കിടക്കുന്ന നായയെ ഭയന്ന് പലരും അടുത്തില്ല.
ഇതോടെ പ്രദേശവാസികൾ വിവരം കറുകച്ചാൽ പോലീസിൽ അറിയിച്ചു. പോലീസ് സംഘമെത്തി നായയെ തിണ്ണയിൽ നിന്ന് ഓടിച്ച ശേഷമാണ് വയോധികരെ പുറത്തിറക്കിയത്.