തിരുവനന്തപുരം: ജീവിതപ്രതിസന്ധികളോടു പടവെട്ടി തളരാതെ മുന്നേറുന്ന ഹനാന് വീടിനായി അഞ്ച് സെന്റ് സ്ഥലം നൽകാൻ പ്രവാസി മലയാളി സന്നദ്ധത അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ അറിയിച്ചു.
കുവൈറ്റിലെ മലയാളി സാമൂഹിക- സാംസ്കാരിക പ്രവർത്തകനായ ജോയി മുണ്ടക്കാടനാണ് ഹനാന് സ്ഥലം നൽകാമെന്ന് അറിയിച്ചത്. ഹനാൻ പഠിക്കുന്ന തൊടുപുഴ അൽ അസർ കോളജിൽ പോയി വരാനുളള സൗകര്യം പരിഗണിച്ച് പാല രാമപുരത്ത് അന്ത്യാളത്ത് അഞ്ച് സെന്റ് ഭൂമി നൽകാനാണ് ജോയി മുണ്ടക്കാടൻ സന്നദ്ധമായിരിക്കുന്നത്. ഹനാനു വീട് വയ്ക്കാനുള്ള സഹായം നൽകാൻ സുമനസുകൾ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യർഥിച്ചിരുന്നു.