തിരുവനന്തപുരം: ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നു മലയാളികൾക്കു കേരളത്തിലെത്തി ഓണം ആഘോഷിക്കാനായി കെഎസ്ആർടിസിയുടെ മാവേലി ബസുകൾ പ്രത്യേക സർവീസ് നടത്തും.
ഓണാവധിക്കാലത്തോടനുബന്ധിച്ച് ബംഗളൂരു, മൈസൂർ, കോയന്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽനിന്നും കേരളത്തിലേക്ക് സ്വകാര്യ ബസുകൾ ഇരട്ടിയിലധികം ചാർജ് ഈടാക്കുന്ന പശ്ചാത്തലത്തിലാണ് കെഎസ്ആർടിസിയുടെ പുതിയ നീക്കം.
കെഎസ്ആർടിസിയുടെ നിലവിൽ ഓടുന്ന അന്തർ സംസ്ഥാന സർവീസുകൾക്കൊപ്പം 100 ബസുകൾ അധികമായി സർവീസ് നടത്തും. ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ ഒന്നു വരെയാണ് കേരളത്തിലെ പ്രധാനപ്പെട്ട വിവിധ പട്ടണങ്ങളിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരുവിലേക്കും മൈസൂരിലേക്കും കോയന്പത്തൂരിലേക്കും മാവേലി ബസുകൾ സർവീസ് നടത്തുന്നത്.
പെർമിറ്റ് ലഭ്യമാകുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചുമുളള സർവീസുകളും കെഎസ്ആർടിസി നടത്തും.