അടൂർ: ലോഡ്ജിൽ മുറിയെടുത്ത് നെല്ലിമുകൾ, തെങ്ങമം, ആനയടി, മണക്കാല, അടൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കാറിലും സ്കൂട്ടറിലും കറങ്ങി സ്കൂൾ പരിസരത്ത് ഉൾപ്പെടെ കഞ്ചാവ് വിൽപന നടത്തുന്ന അഞ്ചംഗ സംഘത്തെ അടൂർ പോലീസ് അറസ്റ്റു ചെയ്തു.
മെഴുവേലി ഇലവുംതിട്ട ഒടിയുഴം പുഷ്പമംഗലത്ത് അരുണ്‍ എന്ന കൃഷ്ണലാൽ (28), ഏറത്ത് നെല്ലിമൂട്ടിൽപടി ശാലോം ചർച്ചിനു സമീപം മങ്ങാട് താഴേതിൽ വീട്ടിൽ ജിത്ത് എന്ന ജിതിൻരാജ് (29), ഏനാദിമംഗലം കുറുന്പകര കുന്നിട ഉഷ ഭവനിൽ ഉമേഷ് കൃഷ്ണൻ (28), ഏഴംകുളം നെടുമണ്‍ കറ്റിയാപുറത്ത് വീട്ടിൽ വിഷ്ണു (20), വള്ളിക്കോട് പുത്തൻകുരിശ് കല്ലുവിള തെക്കേതിൽ ജിത്തുകുമാർ (19) എന്നിവരാണ് അറസ്റ്റിലായത്.
മണക്കാലയിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് കഞ്ചാവ് കൈമാറുന്നതിനിടയിലാണ് അടൂർ ഡി.വഐസ്പി ആർ. ജോസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൃഷ്ണലാലും ജിതിൻരാജും ഉമേഷ് കൃഷ്ണനും സഞ്ചരിച്ചിരുന്ന ഇയോണ്‍ കാർ സഹിതം ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് രണ്ടു പൊതി കഞ്ചാവ് പിടിച്ചെടുത്ത പോലീസ് ഇവർ താമസിച്ചിരുന്ന നെല്ലിമുകളിലെ ലോഡ്ജിൽ പരിശോധന നടത്തിയപ്പോൾ അവിടെ കഞ്ചാവ് പായ്ക്ക് ചെയ്യുന്നതിനുള്ള ചെറിയ പ്ലാസ്റ്റിക് കവറുകളും പായ്ക്ക് ചെയ്ത കഞ്ചാവ് കണ്ടെടുക്കുകയും വിഷ്ണു, ജിത്തുകുമാർ എന്നിവരെ മുറിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോഡ്ജിൽ സൂക്ഷിരുന്ന വിഷ്ണുവിന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലെ അറയിൽ നിന്ന് 22 പായ്ക്കറ്റ് കഞ്ചാവും പിടിച്ചെടുത്തു.