ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് ബുധനാഴ്ച അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മാറ്റും. എന്നാൽ ഒപി നിലവിലുള്ള സ്ഥലത്തു തന്നെ തുടരും. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മെയ് 27ന് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്.
മറ്റു സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനാണ് അത്യാഹിത വിഭാഗം മാറ്റുന്നതിന് കാലതാമസം നേരിട്ടത്. പുതിയ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ മൂന്നായി തരം തിരിക്കും. ഡൽഹിയിലെ എയിംസ് മാതൃകയിലാണ് ചികിത്സ.
പച്ച, മഞ്ഞ, ചുവപ്പ് എന്നീ റിബണ്‍ കെട്ടിയാണ് രോഗികളെ തരം തിരിക്കുന്നത്. ഗുരുതരമായ രോഗികളെ കയ്യിൽ ചുവന്ന റിബണ്‍ കെട്ടും. ഇവർക്ക് തുടർന്നുള്ള പരിശോധനകൾക്ക് പ്രത്യേക പരിഗണന ലഭിക്കും. ഇത്തരം രോഗിയുടെ കൂടെ നിൽക്കുന്നവർക്ക് മരുന്നിനോ ലാബ് പരിശോധനയ്ക്കോ ക്യൂ നിൽക്കേണ്ടതില്ല. ബുധനാഴ്ച രാവിലെ എട്ടിന് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിക്കും.