കോലഞ്ചേരി: കൊച്ചി ഷിപ്യാർഡിലേക്കുള്ള ഇന്ത്യൻ നേവിയുടെ സർവേ ലോഞ്ച്-2 ഷിപ്പ് ഗോവയിൽ നിന്ന് യാത്ര തിരിച്ചിട്ട് ഇന്ന് 48 ദിവസം പിന്നിട്ടു. യാത്ര ലക്ഷ്യത്തിലെത്താൻ രണ്ടു നാൾകൂടി വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി തുറമുഖത്തെ കപ്പൽ ചാലിന്റെ ആഴം അളക്കാനാണ് ചെന്നൈയിൽ നിർമിച്ച 2009 മോഡൽ നേവിയുടെ സർവേ ലോഞ്ച്-2 ഷിപ്പ് ഗോവയിൽനിന്ന് കൊണ്ടുവരുന്നത്. ഞായറാഴ്ച്ച രാത്രിയോടെ കോലഞ്ചേരിക്കടുത്ത് പുതുപ്പനം കെഎസ്ഇബി സബ്സ്റ്റേഷനു മുന്നിലെത്തിയ ട്രെയിലർ ലോറി പകൽ വിശ്രമത്തിനുശേഷം രാത്രിയോടെ കൊച്ചിയിലേക്ക് നീങ്ങും.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തിയാണ് ട്രെയിലർ കേരളത്തിൽ എത്തിയത്. ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്താണ് അമിത ഭാരവും അധിക ഉയരവുമായുള്ള ഇതിന്റെ വരവെന്ന് ട്രെയിലറിന്റെ സാരഥിയായ ശങ്കർ പറഞ്ഞു.
ചെറിയ പിഴകൾ അടയ്ക്കേണ്ടി വരുന്നുണ്ടെങ്കിലും കേരള റോഡിലൂടെയുള്ള യാത്ര സമാധാനപരമാണെന്നും രാത്രിയാത്ര ദുഷ്കരമാണെന്നും ഇദ്ദേഹം പഞ്ഞു.