സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒന്നിനൊന്ന് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധിയാളുകള്‍ രംഗത്ത് വരുമ്പോഴും ഇത്തരം അതിക്രമങ്ങള്‍ക്ക് സമൂഹത്തില്‍ യാതൊരു കുറവും വരുന്നില്ലെന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഇപ്പോള്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തു വരുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. എറണാകുളം റെയില്‍വേ സ്റ്റേഷനിലെ കാത്തിരുപ്പ് കേന്ദ്രത്തില്‍ സ്ത്രീകളെ തൊട്ടുരുമ്മി ഇരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് യാത്രക്കാരനായ മറ്റൊരാള്‍ ഫേസ്ബുക്കിലൂടെ ലോകത്തിന് മുമ്പില്‍ കാണിച്ചിരിക്കുന്നത്.
ഇയാളുടെ ശല്യം മനസിലാക്കി ഓരോ സ്ത്രീകള്‍ ഒഴിഞ്ഞ് മാറുമ്പോഴും അടുത്തയാളുടെ അടുത്തേയ്ക്ക് ഇയാള്‍ ശല്യവുമായി എത്തുന്നതാണ് വീഡിയോയില്‍ ദൃശ്യമായിട്ടുള്ളത്. ഇയാളുടെ ശല്യപ്പെടുത്തലുകള്‍ക്ക് ഇരയാവുന്ന സ്ത്രീകളിലാരും പ്രതികരിക്കാന്‍ തയാറാവുന്നില്ലെന്നതും പകരം ഇയാളില്‍ നിന്ന് രക്ഷപെട്ട് ഒഴിഞ്ഞ് മാറാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നതും നിരാശജനകമാണ്. തിരുവനന്തപുരം സ്വദേശി രതീഷാണ് തന്റെ ഫേസ്ബുക് പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.30 നുള്ള ജനശതാബ്ദിയ്ക്ക് തിരുവനന്തപുരത്തേക്ക് പോകാന്‍ എത്തിയതായിരുന്നു രതീഷ്. കുടുംബവും ഒപ്പമുണ്ടായിരുന്നു. ട്രെയിനിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ കുട്ടിയ്ക്ക് വെള്ളം വാങ്ങി രതീഷ് എഴുന്നേറ്റു പോയി. തിരിച്ചു വന്നപ്പോള്‍ ഒരാള്‍ തന്റെ ശരീരത്ത് സ്പര്‍ശിച്ചതായി ഭാര്യ പറഞ്ഞു. ഭാര്യ പറഞ്ഞതനുസരിച്ച് സംശയം തോന്നിയ ആളെ നിരീക്ഷിച്ചപ്പോള്‍ അയാള്‍ മറ്റുപല സ്ത്രീകളോടും ഇത്തരത്തില്‍ പെരുമാറുന്നതായി കണ്ടു. ആ ദൃശ്യങ്ങള്‍ രതീഷ് തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.