കാറളം: ഒരു കോടി 20 ലക്ഷം രൂപ മുടക്കി ടാർ ചെയ്ത റോഡ് മൂന്നു മാസം തികയും മുന്പേ പൊട്ടിപ്പൊളിഞ്ഞു. റോഡിൽനിന്ന് ഇളകിമാറിയ ചരലുകളിൽ തെന്നി ബൈക്ക് യാത്രക്കാരും നാട്ടുകാരും വീഴാനും തുടങ്ങി. ആലുംപറന്പ് മുതൽ കരുവന്നൂർ വലിയപാലം വരെയുള്ള ഏകദേശം മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഇറിഗേഷൻ റോഡിനാണു ഈ ദുർഗതി.
റോഡിന്റെ ദുരവസ്ഥ മൂലം റോഡിന്റെ ഇരുഭാഗങ്ങളിലുമായി താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾക്കും കരുവന്നൂർ-തൃശൂർ വഴി യാത്രക്കാർക്കും ബുദ്ധിമുട്ടുകളേറെയായിരുന്നു. തുടർന്ന് ഏറെ നാളത്തെ പരാതികൾക്കും അപേക്ഷകൾക്കുമൊടുവിലാണ് മൂന്നു മാസം മുന്പ് ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ് ഏകദേശം ഒരു കോടി 20 ലക്ഷം രൂപ അടങ്കൽ തുകയായി റോഡ് ടാറിംഗ് നടത്തിയത്. അധികം ആയുസില്ലാതെ റോഡിൽ കുണ്ടും കുഴിയും രൂപപ്പെടുവാൻ തുടങ്ങി.
ടാറിംഗിൽ കരാറുകാരും ഉദ്യോഗസ്ഥ വിഭാഗവും കാണിച്ച അഴിമതിയ്ക്കെതിരെ നാട്ടുകാർ ഒറ്റകെട്ടായി പ്രക്ഷോഭത്തിനിറങ്ങുമെന്ന് എഐടിയുസി മോട്ടോർ തൊഴിലാളി യൂണിയൻ കാറളം യൂണിറ്റ് മുന്നറിയിപ്പ് നൽകി.