ചിറ്റൂർ: കന്നിമാരിയിൽ മുൻ വാണിജ്യനികുതി പരിശോധനാകേന്ദ്രത്തിനു സമീപം കനാൽപ്പാലത്തിനു കൈവരിയില്ലാത്തതു വാഹനയാത്ര ദുരിതത്തിലാക്കി. മീനാക്ഷിപുരം- പാലക്കാട് റോഡ് റബറൈസ് ചെയ്യുന്ന സമയത്ത് പാലം വീതികൂട്ടുമെന്ന് അറിയിച്ചെങ്കിലും ജോലികൾ നിർത്തിവച്ചു.
പാലത്തിനു താഴെ കനാലിലേക്കു മുപ്പതടിയോളം താഴ്ച്ചയുണ്ട്. ഇവിടെ നിരവധി വാഹനാപകടങ്ങളുമുണ്ടായിട്ടുണ്ട്. കൊല്ലത്തു നിന്നുമെത്തിയ വിനോദസഞ്ചാരസംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് നാല്പതോളം പേർക്ക് പരിക്കേറ്റ സംഭവമുണ്ടായിട്ടുണ്ട്.
കോഴിക്കടത്ത് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭമായിരുന്നു. പ്രായാധിക്യമുള്ളവർക്കു പാലത്തിലൂടെ നടന്നുപോകാൻ പരസഹായം വേണ്ടിവരും. നൂറുകണക്കിനു വലിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. അന്പതുവർഷത്തോളം പഴക്കമുള്ള പാലം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.