ഒറ്റപ്പാലം: കാലവർഷം ശക്തമായതോടെ റോഡുകൾ പൂട്ടുകണ്ടങ്ങളായി മാറി. മഴയിൽ ജില്ലയിലെ ഭൂരിഭാഗം റോഡുകളും പൂർണമായി തകർന്നു. യഥാസമയം അറ്റകുറ്റപ്പണി ചെയ്യാത്തതും നിർമാണത്തിലെ അഴിമതിയുമാണ് ഈ സ്ഥിതിയുണ്ടാക്കിയത്. കാൽനടയാത്രപോലും അസാധ്യമായ രീതിയിൽ ചേറും ചെളിയും കുഴഞ്ഞുമറിഞ്ഞ നിലയിലാണ് റോഡുകൾ.
ഗ്രാമീണ റോഡുകൾക്കു പുറമേ നഗരത്തിലെ ഉപറോഡുകൾക്കും ഇതുതന്നെയാണ് സ്ഥിതി. റോഡുകൾ തകർന്നുണ്ടായ ഗർത്തങ്ങളിൽ മലിനജലം നിറഞ്ഞു കിടക്കുന്നതിനാൽ ഇതുവഴി വരാൻ ഓട്ടോയോ ടാക്സികളോ സമ്മതിക്കുന്നില്ല. പാലക്കാട്-കുളപ്പുള്ളിപാത, ഒറ്റപ്പാലം-അന്പലപ്പാറ റോഡ് തുടങ്ങിയ പ്രധാനപാതകളും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടുതൽ തുക ബജറ്റിൽ ഓരോതവണയും വകയിരുത്തുന്നത് റോഡുകൾക്കാണ്. എന്നാൽ ഉദ്യോഗസ്ഥരുടെയും കരാറുകാരും ചേർന്നുള്ള പങ്കുകച്ചവടത്തിൽ റോഡുനിർമാണം അഴിമതിയിൽ മുങ്ങിപ്പോകുന്ന സ്ഥിതിയാണ്.
റോഡുനിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ആരെങ്കിലും പ്രക്ഷോഭം സംഘടിപ്പിക്കുകയോ പരാതി നല്കുകയോ ചെയ്താലും ഇതുമൂലം യാതൊരു ഗുണവുമുണ്ടാകാറില്ല.