തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ സ്കൂളില്‍ നിന്നും സ്ഥലംമാറ്റം കിട്ടിപ്പോകാനൊരുങ്ങിയ ഇംഗ്ലീഷ് അധ്യാപകന് ജി. ഭഗവാനെ സ്നേഹത്തോടെ കുട്ടികള്‍ തടഞ്ഞുവെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒടുക്കം കുട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലംമാറ്റം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിയും വന്നിരുന്നു. എന്നാലിപ്പോള്‍ സമാനമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.
രണ്ടുമാസം മുമ്പ് സ്കൂളില്‍ പ്രധാനാധ്യാപകനായി ചുമതലയേറ്റ കെ.എന്‍.ബിനോയിയുടെ സ്ഥലംമാറ്റത്തിനെതിരെയാണ് സ്കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരുപോലെ രംഗത്തുവന്നത്.
സ്കൂളില്‍ ചുമതലയേറ്റതിനു പിന്നാലെ ബിനോയ് കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങള്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രീതി നേടിയിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് ബിനോയ് മാഷ് തങ്ങളുടെ മനസ് കീഴടക്കിയെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
സ്മാര്‍ട്ട് ക്ലാസുകള്‍ നിര്‍മ്മിച്ചും ശുചിമുറികള്‍ നവീകരിച്ചും അധ്യാപകന് വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷണീയമായ അന്തരീക്ഷം ഒരുക്കി നല്കി. സ്കൂളിനായുള്ള ഒരു ദിനം ഒരു കോടി പദ്ധതി ആരംഭിച്ച ഘട്ടത്തിലാണ് അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്.
തോടന്നൂര്‍ എ.ഇ.ഒയായാണ് സ്ഥലംമാറ്റം. എന്നാല്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഈ സ്ഥലംമാറ്റമെന്നും സ്കൂളില്‍ അച്ചടക്കവും വികസനവും കൊണ്ടുവരുന്നതില്‍ അമര്‍ഷമുള്ള ചിലരാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം. രാവിലെ മുതല്‍ തന്നെ രക്ഷിതാക്കളും നാട്ടുകാരും സംഘടിച്ച് സ്കൂളിലെത്തുകയും വിദ്യാര്‍ത്ഥികളടക്കം പ്രതിഷേധവുമായി മുന്നോട്ടുവരികയുമായിരുന്നു.
തുടര്‍ന്ന് പി.ടി.എ ഭാരവാഹികള്‍ സ്ഥലം എം.എല്‍.എയുമായി ബന്ധപ്പെടുകയും തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ രമ്യമായി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലംമാറ്റം പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരാനാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും തീരുമാനം.