നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടില്‍. മത്സരത്തില്‍ പ്രണോയിയുടെ ആധിപത്യമായിരുന്നു. വെറും 28 മിനിറ്റ് നീണ്ട മത്സരത്തില്‍ ഇന്ത്യന്‍ താരം ന്യൂസിലന്‍ഡിന്റെ അഭിനവ് മനോറ്റയെ 21-12, 21-11ന് തകര്‍ത്തു.
മറ്റൊരു പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ ഫ്രാന്‍സിന്റെ ലൂകാസ് കോര്വെയെ 21-13, 21-10ന് തോല്‍പ്പിച്ചു. സായ് പ്രണീതിന് വാക്കോവര്‍ ലഭിച്ചു. ലോക നാലാം റാങ്ക് കൊറിയന്‍ താരം സണ്‍ വാന്‍ ഹൂവിന്റെ പരിക്കിനെത്തുടര്‍ന്നാണ് പ്രണീത് രണ്ടാം റൗണ്ടിലെത്തിയത്.
ഇന്ത്യയുടെ വനിതാ സിംഗിള്‍സ് താരങ്ങളായ ലോക മൂന്നാം റാങ്ക് പി.വി. സിന്ധു, ലോക പത്താം റാങ്ക് സൈന നെഹ്വാള് എന്നിവര്‍ക്ക് ബൈ ലഭിച്ചു.മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര-സികി റെഡ്ഡി സഖ്യം രണ്ടാം റൗണ്ടില്‍.
ചെക് റിപ്പബ്ലിക്കിന്റെ ജാകുബ് ബിറ്റ്മാന്-അല്സ്ബേത ബസോവ ജോടിയെ 21-17, 21-15ന് തോല്‍പ്പിച്ചു. അശ്വിനി പൊന്നപ്പ-സ്വാതിക്സായിരാജ് രങ്കിറെഡ്ഡി സഖ്യം ഡെന്മാര്ക്ക് ജോടിയെ 21-9, 22-20ന് തോല്‍പ്പിച്ചു. രോഹന് കപൂര്‍-കുഹൂ ഗര്‍ഗ് സഖ്യവും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അത്രി- ബി. സുമിത് റെഡ്ഡി സഖ്യം രണ്ടാം റൗണ്ടില്‍. എന്നാല്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സംയോഗിത ഷോർപഡെ-പ്രജാക്ത സാവന്ത് കൂട്ടുകെട്ടിനെ 22-20, 21-14ന് തുര്‍ക്കിയുടെ ബെന്‍ഗിസു എറെസെറ്റിന്-നാസ് ലകന് ഇന്‍സി കൂട്ടുകെട്ട് പരാജയപ്പെടുത്തി.