കടുത്തുരുത്തി: കരിയാറിൽ വള്ളം മുങ്ങി മരിച്ച മാധ്യമ പ്രവർത്തകൻ സജി മെഗാസിന്റെ ഇളയ മകൾ അനയ സജിയുടെ പഠനത്തിനാവശ്യമായ എല്ലാ സഹായവും സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ മാനേജ്മെന്റ് ചെയ്യുമെന്ന് സ്കൂൾ മാനേജർ ഫാ.ടോമി തേർവാലകട്ടയിൽ അറിയിച്ചു.
സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ് അനയ. പ്ലസ്ടു വരെ സ്കൂളിൽ പഠിക്കുന്നതിനുള്ള മുഴുവൻ ചെലവും സൗജന്യമായിരിക്കുമെന്നും അദേഹം അറിയിച്ചു. കടുത്തുരുത്തി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സജിയുടെ അനുസ്മരണ സമ്മേളനത്തിലാണ് ഫാ.ടോമി തേർവാലകട്ടയിൽ ഇക്കാര്യം അറിയിച്ചത്.
കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.ആർ. മധു അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സഖറിയാസ് കുതിരവേലിൽ, മേരി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. സുനിൽ, ജോണ്സണ് കൊട്ടുകാപ്പള്ളിൽ, സുനു ജോർജ്, ജോസ് പുത്തൻകാലാ, സിപിഎം കടുത്തുരുത്തി ഏരിയാ സെക്രട്ടറി കെ.ജി. രമേശൻ, എസ്കെപിഎസ് മാനേജർ ഫാ.ടോമി തേർവാലകട്ടയിൽ, പ്രസ് ക്ലബ്ബ് സെക്രട്ടറി ബിജു ഇത്തിത്തറ, കെയുഡബ്യുജെ ജില്ലാ കമ്മിറ്റിയംഗം എൻ.എസ്. അബ്ബാസ്, മുളക്കുളം പഞ്ചായത്ത് മെന്പർ കെ.ആർ. സജീവൻ, കോണ്ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, കേരളാ കോണ്ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് പി.എം. മാത്യു, ബിജെപി ജില്ലാ കമ്മിറ്റിയംഗം ജയപ്രകാശ് തെക്കേടത്ത്, കെ.കെ. രാമഭദ്രൻ, സന്തോഷ് കുഴിവേലിൽ, അക്ബർ മുടൂർ, എസ്എൻഡിപി കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരിൽ, കെ.ജി. വിജയൻ, വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ് സാനിച്ചൻ നടുപ്പറന്പിൽ, വ്യാപാരി വ്യാവസായി ഏകോപന സമിതി കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ് ജോണി കടപ്പൂരാൻ, ആപ്പാഞ്ചിറ യൂണിറ്റ് പ്രസിഡന്റ് റോയി പി.ജോണ്, ആപ്പാഞ്ചിറ പൊന്നപ്പൻ, ബൈജു പെരുവ, എ.ആർ. രവീന്ദ്രൻ, ജോസഫ് മുകളേൽ, ജോർജ് ജോസഫ്, സി.എസ്. ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു.