ചാലക്കുടി: ദേശീയപാതയിൽ കോടതി ജംഗ്്ഷനിൽ അടിപ്പാതക്കുവേണ്ടി താഴ്ത്തിയ ഭാഗത്ത് റോഡിൽ വിള്ളൽ കാണപ്പെട്ടതിനെ തുടർന്ന് ഗതാഗതസ്തംഭനം ഒഴിവാക്കാൻ ദേശീയപാതയിലെ മീഡിയൻ പൊളിച്ചുമാറ്റി. ഇതോടെ ഇന്നലെ രാത്രി മുതൽ ദേശീയപാതയിലുണ്ടായ ഗതാഗതസ്തംഭനത്തിനു അൽപ്പം അയവുവന്നു.
വാഹനങ്ങൾ വളരെ വേഗത കുറച്ചാണ് പോലീസ് ഇതുവഴി കടത്തിവിടുന്നത്. മുനിസിപ്പൽ ജംഗ്്ഷനിലെ സിഗ്്നൽ നിർത്തി മാള റോഡിലൂടെയുള്ള ഗതാഗതം സർവീസ് റോഡുവഴിയാക്കി. അടിപ്പാതയുടെ നിർമാണവും നിർത്തിവച്ചു. ഇന്നലെ രാത്രി 10ഓടെയാണ് റോഡിൽ വിള്ളൽ കാണപ്പെട്ടത്.
അടിപ്പാതയ്ക്കുവേണ്ടി താഴ്ത്തിയ ഭാഗത്തേക്ക് റോഡ് ഇടിഞ്ഞുവീഴുമെന്നു കണ്ട് എസ്ഐ ജയേഷ് ബാലന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം ടൗണിലൂടെയും സർവീസ് റോഡിലൂടെയും തിരിച്ചുവിടുകയായിരുന്നു.