ഒറ്റപ്പാലം: പാലപ്പുറത്തും പനമണ്ണയിലും വീടുകൾ കേന്ദ്രീകരിച്ച് മദ്യവില്പന നടത്തുന്നത് അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം. ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഒറ്റപ്പാലം നഗരത്തിലെ രണ്ടു പ്രധാന സ്ഥളങ്ങളിലും വൻതോതിൽ വിറ്റഴിക്കുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചുനല്കാൻവരെ ഇവിടങ്ങളിൽ സംവിധാനമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
പാലപ്പുറം രണ്ടു കോളജുകൾ പ്രവർത്തിക്കുന്ന സ്ഥലമായിട്ടുപോലും വീടുകൾ കേന്ദ്രീകരിച്ചുള്ള മദ്യവില്പന അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് വിമർശനം ഉയരുന്നത്. പനമണ്ണയിലും ഇത്തരത്തിൽ വൻതോതിൽ സമാന്തര മദ്യവില്പനശാല പ്രവർത്തിക്കുന്നുണ്ട്.
രാപകൽവ്യത്യാസമില്ലാതെ ഇവയുടെ വില്പനയും തകൃതിയായി നടക്കുന്നുണ്ട്. നിരവധിതവണ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിലും എക്സൈസിലും അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് വിമർശനം.
സർക്കാരിന്റെ മദ്യവില്പനശാലകളിൽനിന്നും വാങ്ങുന്ന മദ്യം ചെറിയ കുപ്പികളിലാക്കി ആവശ്യക്കാരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള അളവുകളിൽ വില്ക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പറയുന്നു. അവധിദിവസങ്ങളിൽ മദ്യഷോപ്പ് അടച്ചാലും ആവശ്യക്കാർക്ക് മദ്യം ലഭിക്കും.
പറഞ്ഞ പണംമുടക്കി ഇതുവാങ്ങാൻ ആളുകൾ യഥേഷ്ടം വന്നുപോകുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. വ്യാജചാരായ നിർമാണവും വില്പനയും ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലെ ഏറെക്കുറെ അവസാനിച്ചെങ്കിലും ഈ സ്ഥലത്തേക്ക് വിദേശ മദ്യവില്പന കടന്നുവന്നിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നും എത്രയുംവേഗം ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.