കഞ്ചിക്കോട്: ഇടവേളയ്ക്കുശേഷം മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ മേഖലയിൽ വ്യാപകനാശനഷ്ടം. തുടർച്ചയായ രണ്ടുദിവസത്തെ കനത്ത മഴയിൽ പലയിടത്തും വീടുകൾ വെള്ളക്കെട്ടിലായി. മരങ്ങൾ പൊട്ടിവീണ് വൈദ്യുതലൈനും പോസ്റ്റും തകർന്നു. വൈദ്യുതമുടക്കവും ഗതാഗതതടസവും ജനജീവിതം ദുരിതത്തിലാക്കി.
എലപ്പുള്ളി, മരുതറോഡ്, പുതുശേരി പഞ്ചായത്തുകളിലായി ഹെക്ടർ കണക്കിനു നെൽകൃഷി വെള്ളത്തിലാണ്. പലയിടത്തും ഒന്നാംവിള വെള്ളം കയറി നശിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത മട്ടിലാണ്.
വൈകീട്ടോടെ കഞ്ചിക്കോട്ട് കാറ്റും മഴയിലും വൻമരം കടപുഴങ്ങി റോഡിനു കുറുകേവീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കഞ്ചിക്കോട്-വാളയാർ പഴയറോഡിൽ കൊയ്യാമരക്കാടിലാണ് മരംവീണത്. സംഭവസമയത്ത് ഓട്ടോറിക്ഷ കടന്നുപോയെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
എലപ്പുള്ളി പേട്ട കമ്മാന്തറയിൽ വെള്ളക്കെട്ടിനെ തുടർന്ന് വീട്ടുകാരെ താത്കാലികമായി മാറ്റിപാർപ്പിച്ചു. തെക്കേവീട് മണിയമ്മയുടെ കുടുംബത്തെയാണ് സമീപവാസികൾ ഇവിടെനിന്നു മാറ്റിയത്.