വർഗീസ് എം.കൊച്ചു പറമ്പിൽ
ചവറ : സംസ്ഥാനത്ത് കഴിഞ്ഞ 52 ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് അര്‍ധരാത്രി മുതല്‍ കടലിലിറങ്ങും. രാത്രി 12 ന് നീണ്ടകര പാലത്തിന്റെ തൂണുകളിൽ ബന്ധിപ്പിച്ചിട്ടുള്ള ചങ്ങലയുടെ പൂട്ട് തുറന്ന് വിസിൽ മുഴങ്ങുന്നതോടെ ട്രോളിംഗ് നിരോധനം അവസാനിച്ച് ബോട്ടുകൾ മത്സ്യബന്ധനത്തിനായി പുറപ്പെടും. മൂവായിരത്തോളം ബോട്ടുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
ഇതിൽ 1350 ൽപ്പരം ബോട്ടുകൾ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ കേന്ദ്രീകരിച്ചുണ്ട്. സംസ്ഥാനത്ത് 1000 ത്തിലധികം ബോട്ടുകള്‍ അന്യസംസ്ഥാനത്തു നിന്നുള്ളതാണ്. ഭൂരിഭാഗം ബോട്ടുകളും ഇന്ന് കടലിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഹാര്‍ബറുകളിലും മറ്റും കിടക്കുന്ന ബോട്ടുകളില്‍ ഐസ്, വെള്ളം, വല, റോപ്പ് , മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കയറ്റുന്ന ജോലികള്‍ കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയിരുന്നു. ബോട്ടുകളില്‍ ജോലി ചെയ്യുന്നത് ഏറെയും മറുനാട്ടുകാരാണ്.
രണ്ട് ദിവസം മുമ്പ് തന്നെ ആന്ധ്രാ, തെലുങ്കാന, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികള്‍ ഹാർബറുകളിൽ എത്തി. 1988ലാണ് കേരളത്തില്‍ വര്‍ഷകാല ട്രോളിംഗ് നിരോധനം തുടങ്ങിയത്. 1994 മുതല്‍ നിരോധന കാലം 47 ദിവസമാക്കി. എന്നാൽ ഈ വർഷം മുതൽ 52 ദിവസമായി. നിരോധന കാലം ഇക്കുറിയും ശാന്തമായിരുന്നു.
ഇത്തവണ നിരോധന കാലത്തു പരമ്പരാഗത വിഭാഗം മത്സ്യത്തൊഴിലാളികള്‍ക്ക് കാര്യമായ രീതിയില്‍ മത്സ്യം ലഭിച്ചില്ല. കാലവര്‍ഷക്കാലത്ത് വന്‍തോതില്‍ ലഭിക്കുന്ന ഉപരിതല മത്സ്യങ്ങളും കാര്യമായി ലഭ്യമായില്ലായെന്ന് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ട്രോളിംഗ് കാലത്തിനു ശേഷം കടലില്‍ മീൻ ലഭ്യത വളരെ കുറവാണ്.
നിരോധന കാലത്തും കാര്യമായ മത്സ്യസമ്പത്ത് കിട്ടാതെ പോയത് ഈ മേഖലയ്ക്ക് തിരിച്ചടിയായി. മത്സ്യവറുതി അനുഭവപ്പെടുന്നതിനാല്‍ കുറെക്കാലമായി ബോട്ടുകളും പരമ്പരാഗത വള്ളങ്ങളുമൊക്കെ പ്രതിസന്ധിയിലാണ്.
ഏറെ പ്രതിസന്ധിയിലൂടെയാണ് മത്സ്യമേഖല കടന്നുപോകുന്നത്. നല്ല മഴയുണ്ടായിട്ടും കടല്‍ കനിയുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ബോട്ടുകള്‍ കടലിലിറങ്ങുന്നതോടെ ഹാർബറുകളിൽ ഉണർവുണ്ടാകുകയും കൂടുതല്‍ മത്സ്യങ്ങൾ വിപണിയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും.