തളിപ്പറമ്പ്: പറശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ വിരിഞ്ഞ രാജവെമ്പാല കുഞ്ഞുങ്ങളെ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കും.വയനാട് പൂക്കോട് പ്രവര്‍ത്തിക്കുന്ന വെറ്റിനറി കോളജിലേക്ക് കൊണ്ടുപോയിരിക്കുന്ന പാമ്പിന്‍കുഞ്ഞിനെ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോര്‍ ബയോടെക്നോളജിയിലാണ് പരിശോധനക്ക് വിധേയമാക്കുന്നതെന്ന് കണ്ണൂര്‍ ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ സി.വി.രാജന് പറഞ്ഞു.
പറിനിക്കടവില് വിരിഞ്ഞ കുഞ്ഞുങ്ങളും ഇന്നലെ കൊട്ടിയൂരില്‍ വിരിഞ്ഞ രാജവെമ്പാല കുഞ്ഞുങ്ങളും ഒരേ പാമ്പിന്റെ മുട്ടകളില്‍ നിന്നാണോ എന്ന കാര്യമാണ് പരിശോധിക്കുക. ഇത് സംബന്ധിച്ച് രേഖാമൂലം പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും പരിശോധനക്ക് വനം വകുപ്പ് തന്നെ മുന്‍കൈയെടുക്കുകയായിരുന്നു. പറശിനിക്കടവില്‍ പാമ്പിന്മുട്ട വിരിഞ്ഞതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ സൂ അതോറിറ്റിക്ക് ഇ-മെയില്‍ വഴി ലഭിച്ച പരാതികളും പരിശോധിക്കുന്നതായി സൂചനകളുണ്ട്.
പറശിനിക്കടവില്‍ ശനിയാഴ്ച്ചയാണ് 11 മുട്ടകളില്‍ നാലെണ്ണം വിരിഞ്ഞത്. ഇത് കൊട്ടിയൂരില്‍ നിന്ന് കൊണ്ടുവന്നതണെന്ന സൂചിപ്പിച്ചാണ് സെന്‍ട്രല്‍ സൂ അതോറിറ്റിക്ക് പരാതി ലഭിച്ചത്. എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്നും പറശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് പാമ്പുകളെ ഇണചേര്‍ത്ത് മുട്ടവിരിയിച്ചതാണെന്നും ഇതിന് വ്യക്തമായ രേഖകളും ഫോട്ടോകള്‍ ഉള്‍പ്പെടെ തെളിവുകളുണ്ടെന്നും, പാമ്പുപിടുത്തക്കാര്ക്കിടയിലെ ചില തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ പരാതികള്‍ക്ക് കാരണമെന്നും ഡയറക്ടര്‍ പ്രഫ.ഇ.കുഞ്ഞിരാമന് പറഞ്ഞു.
പറശിനിക്കടവില്‍ വിരിഞ്ഞ രാജവെമ്പാല കുഞ്ഞുങ്ങളെ പാര്‍ക്കില്‍ വളര്‍ത്താതെ കാട്ടില്‍ വിടാന്‍ വനം വകുപ്പിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.