മയ്യിൽ: മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി അറസ്റ്റ് ചെയ്ത പ്രതി രക്ഷപ്പെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി. 28ന് ഉച്ചക്ക് ശേഷമാണ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത കണ്ണോത്തുംചാലിലെ ഹിനാസ് (20) മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്.
ചക്കരക്കൽ സ്റ്റേഷനിലെ ലോക്കപ്പിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കാൻ സ്റ്റേഷൻ വരാന്തയിൽ ഇരുത്തിയ പ്രതി ബാത്ത്റൂമിൽ പോകാനെന്ന വ്യാജേന കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. മയ്യിൽ ടൗണിൽ നിന്നും ഓട്ടോറിക്ഷയിൽ ആദ്യം സ്വന്തം വീട്ടിലും പിന്നീട് ബന്ധുവീട്ടിലും പോയി എന്നാണ് സ്റ്റേഷനുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞത്.ഞായാറാഴ്ച വൈകുന്നേരം മുതൽ സ്റ്റേഷൻ കോമ്പൗണ്ടും മയ്യിൽ ടൗണും പോലീസ് അരിച്ചുപെറുക്കി.
സംഭവം പുറത്തു വരാതിരിക്കാൻ മാധ്യമ പ്രവർത്തകർക്ക് വാർത്തയും നല്കിയില്ല.ഒടുവിൽ രാത്രി ഒന്നോടെ പ്രതി ഹിനാസിനെ വിലങ്ങുമായി പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വളപട്ടണം സിഐ എം. കൃഷ്ണനാണ് പ്രതി രക്ഷപ്പെട്ട സംഭവം അന്വേഷിക്കുന്നത്.
അതേസമയം മയ്യിൽ പരിധിയിലെ രഹസ്യാന്വേഷണവിഭാഗം പോലീസുകാരുടെ ഉത്തരവാദിത്തത്തിലെ വീഴ്ചയും ചർച്ചയായിട്ടുണ്ട്. വരാപ്പുഴയടക്കമുള്ള സംഭവങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ സ്റ്റേഷനിലെ ഗുരുതരമായ വീഴ്ച അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി നേരിട്ടെത്താനാണ് സാധ്യത.ഹിനാസിനെ കോടതിയിൽ ഹാജരാക്കി.