തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നാൽ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എം.എം. മണി. അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ രണ്ട് തട്ടിലെന്ന വാർത്തകൾ തെറ്റാണ്. വൈദ്യുത ബോർഡിന് വേറിട്ട നിലപാടില്ലെന്നും മന്ത്രി പറഞ്ഞു.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുക ഘട്ടം ഘട്ടമായിട്ടായിരിക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ഷട്ടറുകൾ ഒരുമിച്ച് തുറക്കില്ല. മുൻപ് തുറന്ന 2,401 അടി എത്തുന്നതിന് മുൻപ് തന്നെ ഇത്തവണ അണക്കെട്ട് തുറക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 2395.84 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരോഴുക്ക് കൂടുന്നുണ്ട്. ഇന്നത്തെ മഴയും നീരോഴുക്കും നിരീക്ഷിച്ചശേഷമായിരിക്കും തുടർനടപടികളെന്ന് അധികൃതർ അറിയിച്ചു. ചെറുതോണി, പെരിയാർ നദീതീരമേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദേശവും അധികൃതർ നൽകി.
ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2397 അടിക്കു മുകളിലെത്തിയാൽ മാത്രമേ ചെറുതോണി അണക്കെട്ടിലെ ഷട്ടർ തുറന്ന് ട്രയൽ റണ് നടത്തുകയുള്ളൂവെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചിട്ടുണ്ട്. ട്രയൽ റണ്ണിനായി ഒരു ഷട്ടർ 40 സെന്റിമീറ്ററാകും ഉയർത്തുക. ഈ അവസ്ഥയിൽ സെക്കൻഡിൽ 60 ക്യൂബിക് മീറ്റർ(2119 ക്യുബിക് അടി) വെള്ളം പുറത്തേയ്ക്കൊഴുകും.
കണ്ട്രോൾ റൂം തുറന്ന് ഏതുസാഹചര്യത്തെയും നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണ്. ഇടുക്കി കൺട്രോൾ റൂം നന്പർ 9496011994.