ടി.പി.സന്തോഷ്കുമാര്‍
തൊടുപുഴ: ഇടുക്കി അണക്കെട്ട് നിറഞ്ഞ് തുറന്നു വിടുന്ന അസുലഭ ദൃശ്യം വീക്ഷിക്കാന്‍ ഇടുക്കിയിലേക്ക് എത്തുന്നത് നൂറു കണക്കിന് സന്ദര്‍ശകര്‍. എന്നാല്‍ ഇന്നലെ മുതല്‍ അണക്കെട്ട് കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ജില്ലാ ഭരണകൂടം കര്‍ശന വിലക്കേര്‍പ്പെടുത്തി.
അണക്കെട്ട് തുറന്നില്ലെങ്കിലും നിറഞ്ഞു കവിഞ്ഞ് ജലസമൃദ്ധമായി നില്ക്കുന്ന അണക്കെട്ട് കാണാന്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള സന്ദര്‍ശകരാണ് ഇടുക്കിയുടെ മണ്ണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇവരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പോലീസും കെഎസ്ഇബിയും ആരംഭിച്ചു.
സന്ദര്‍ശകരുടെ ബാഹുല്യമുണ്ടാകുന്നപ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇന്നലെ അണക്കെട്ടിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം കെഎസ്ഇബി നിരോധിച്ചത്, ഇടുക്കി , ചെറുതോണി അണക്കെട്ടുകളുടെ ഏറ്റവും മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഹില്‍വ്യു പാര്‍ക്കിലേക്കുള്ള പ്രവേശനവും ഇന്നലെ മുതല്‍ തടഞ്ഞിരിക്കുകയാണ്. സന്ദര്‍ശകര്‍ക്കായി ഇന്നലെയും കെഎസ്ഇബി ബോട്ട് സര്‍വീസ് നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം സര്‍വീസ് നിര്‍ത്തി വയ്ക്കുകയായിരുന്നു.
കാഴ്ച്ചക്കാരെയും സെല്‍ഫിയെടുക്കുന്നവരെയും പ്രതിരോധിക്കാനായി ചെറുതോണി ഡാമിനു സമാന്തരമായി വിദ്യാധിരാജാ വിദ്യാസദന്‍ സ്കൂളിനു സമീപം പോലീസ് ബാരിക്കേഡും നിര്‍മിച്ചു.നൂറുകണക്കിന് ഫോണ്‍കോളുകളാണ് സന്ദര്‍ശന വിവരമന്വേഷിച്ച് ഇടുക്കി ഡിടിപിസി ഓഫീസിലും ഹൈഡല്‍ ടൂറിസം ഓഫീസിലും എത്തുന്നത്. അണക്കെട്ട് തുറക്കുന്ന ദിവസം ഏതാണെന്ന വിവരം തിരക്കിയുള്ള അന്വേഷണങ്ങളാണ് ഏറിയ പങ്കും.
അണക്കെട്ട് തുറക്കാനിടയായാല്‍ ജനങ്ങളുടെ തിരക്ക് ഉണ്ടാകുകയും നിയന്ത്രണാതീതമാകുകയും ചെയ്യുന്നതിനാല്‍ ഈ സമയം നിരുല്സാഹപ്പെടുത്തുന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍, ഒട്ടേറെ വാഹനങ്ങളില്‍ ഇടുക്കിയിലേക്ക് സഞ്ചാരികള്‍ എത്തുന്നത് അധികൃതര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
ഇതിനാലാണ് അണക്കെട്ടുകളുടെ ദൃശ്യഭംഗി വീക്ഷിക്കാന്‍ സന്ദര്‍ശകര്‍ പ്രവേശിക്കുന്ന ഹില്‍വ്യൂ പാര്ക്കിലേക്കുള്പ്പെടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്.ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. അണക്കെട്ടുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കാന്‍ ബഗ്ഗി കാറുകളും ജലാശയത്തില്‍ ചുറ്റാന്‍ 18 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടുമാണുള്ളത്. കഴിഞ്ഞ ഞായറാഴ്ചയും 80 സഞ്ചാരികള്‍ ബോട്ട് യാത്ര നടത്തിയിരുന്നു.
ഇനി അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ വ്യക്തത വരുന്നതു വരെ അണക്കെട്ടിലേക്ക് പ്രവേശനമോ ബോട്ട് സര്‍വീസിന് അനുമതി നല്‍കില്ല. സന്ദര്‍ശകരെ ഇനി അണക്കെട്ടിലേക്കോ താഴ്വരകളിലേക്കോ പ്രവേശിച്ചാല്‍ അപകടത്തിനിടയാകുമെന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണ് ഇന്നലെ മുതല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയത്.
ഡാം കാണാന്‍ എത്തുന്നവരെ വഴിയില്‍ വച്ച് തന്നെ തടഞ്ഞ് തിരിച്ചയക്കാനാണ് പോലീസിന്റെ തീരുമാനം.അണക്കെട്ട് തുറന്നില്ലെങ്കിലും നിറഞ്ഞു നില്ക്കുന്ന അണക്കെട്ട് കാണാന്‍ മഴ കുറയുന്നതോടെ സന്ദര്‍ശകരുടെ പ്രവാഹം തന്നെയുണ്ടാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
സാധാരണ ഓണക്കാലത്താണ് ഇടുക്കി. ചെറുതോണി അണക്കെട്ടുകളിലേക്ക് സന്ദര്‍ശകര്‍ക്കായി കൂടുതല്‍ ദിവസം പ്രവേശനം അനുവദിക്കുന്നത്. അതേസമയം, ഡാം ഉടൻ തുറക്കില്ലെന്നാണ് റിപ്പോർട്ട്. പദ്ധതി പ്രദേശത്ത് മഴയുടെ അളവ് കുറഞ്ഞതാണ് കാരണം.