കോട്ടയം: കുമ്മണ്ണൂരിൽ ഗൃഹനാഥൻ സ്വയം കഴുത്തറുത്തു മരിച്ച സംഭവത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മരിക്കുകയായിരുന്നു ഉദേശ്യമെന്നു കരുതുന്നു. ഭാര്യയെ കൊല്ലാനായി പെട്രോൾ നേരത്തേ കരുതി വച്ചതായും സംശയിക്കുന്നു. ഇന്ന് ഫോറൻസിക്, വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തിയാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു. കിടങ്ങൂർ കുമ്മണ്ണൂർകടവ് പുന്നവേലിപാതയിൽ മോഹനനാണ് (56) സ്വയം കഴുത്തറുത്തു മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.45നു കുമ്മണ്ണൂർകടവിലെ വീട്ടിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഭാര്യ രാധയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമി്ച്ച ശേഷമാണ് മോഹനൻ മരിച്ചത്. സംഭവത്തിനു ശേഷം ഇവരുടെ വീട് പോലീസ് അടച്ചിട്ടിരിക്കുകയാണ്. ഇന്ന് സയന്റിഫിക് വിദഗ്ധരെത്തി പരിശോധന നടത്തും.
പാലായിലെ സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ കാന്റീൻ ജീവനക്കാരിയാണ് രാധ. ഇന്നലെ വൈകുന്നേരം നാലേമുക്കാലിന് രാധ ജോലികഴിഞ്ഞ് വീട്ടിലെത്തി. അപ്പോൾ മോഹനൻ വീട്ടിലുണ്ടായിരുന്നു. 10 മിനിട്ട് കഴിഞ്ഞപ്പോൾ ഒരു കുപ്പി നിറയെ പെട്രോളുമായി രാധയുടെ സമീപത്തു ചെന്ന് ശരീരത്തിൽ പെട്രോൾ ഒഴിക്കുകയായിരുന്നു. അതിനു മുൻപ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
പെട്രോൾ ഒഴിക്കുന്നതു കണ്ട് വീട്ടിലുണ്ടായിരുന്ന മകൻ അരുണ്‍ അമ്മയെ രക്ഷപ്പെടുത്തി. ഇതിനുശേഷം പുറത്തേക്കു പോയ മോഹനൻ വീടിനുപിന്നിലെ ആലയിൽനിന്ന് ഇരുന്പ് കട്ടർ എടുത്ത് സ്വയം കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന മോഹനൻ വഴക്കുണ്ടാക്കുക പതിവാണെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ സംശയിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ചെന്പിളാവിലെ കുടുംബവീട്ടിൽ താമസിച്ചിരുന്ന ഇവർ ഏഴു വർഷം മുന്‍പാണു കുമ്മണ്ണൂർ കടവുഭാഗത്തേക്ക് താമസം മാറ്റിയത്.