വൈപ്പിൻ: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പിൻവലിച്ചതോടെ മുനന്പം, മുരുക്കുംപാടം, തോപ്പുംപടി ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യബന്ധന ബോട്ടുകൾ ഇന്ന് പുലർച്ചെ കടലിലേക്ക് കുതിച്ചു. രണ്ട് മൂന്ന് ദിവസമായി സജ്ജീകരണങ്ങൾ പൂർത്തിയായി ഹാർബറുകളിൽ തന്പടിച്ചിരുന്ന ആയിരത്തിൽപരം ബോട്ടുകളാണ് ഇന്ന് മത്സ്യബന്ധനത്തിനായി പോയത്.
മഴമൂലം കാലാവസ്ഥ പ്രതികൂലമായതിനാൽ മുനന്പത്ത് നിന്നുള്ള ചില ബോട്ടുകൾ നേരം പുലർന്നാണ് തീരം വിട്ടത്. ചെറിയ ബോട്ടുകൾ ഇന്ന് വൈകുന്നേരത്തോടെ തീരമണയും. അതേ സമയം വലിയ ബോട്ടുകളിൽ ചരക്ക് കിട്ടുന്നവ നാളെയും തൊട്ടടുത്ത ദിവസങ്ങളിലുമായി ഹാർബറുകളിൽ തിരികെയെത്തും.
ചെമ്മീൻ, കണവ, കിളി എന്നിവയായിരിക്കും സീസണ് ആദ്യം ലഭിക്കുക. കണവക്കായി പോയിട്ടുള്ള ബോട്ടുകൾ ഒരാഴ്ചയെങ്കിലും കഴിഞ്ഞെ തിരിച്ചെത്തു. ബോട്ടുകൾ എത്തുന്നതോടെ ഹാർബറുകളും അനുബന്ധമേഖലകളും സജീവമാകും.