തൊടുപുഴ: വണ്ണപ്പുറത്ത് ദുരൂഹസാഹചര്യത്തിൽ കാണാതായ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചു മുടിയ നിലയിൽ കണ്ടെത്തി. മുണ്ടൻമുടി കാനാട്ടുവീട്ടിൽ കൃഷ്ണൻ കുട്ടി, ഭാര്യ സുശീല, മക്കളായ അർജുൻ, ആശ എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനോട് ചേർന്നുള്ള കുഴിയിൽ നിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് നാലംഗ കുടുംബത്തെ കാണാതായെന്ന വാർത്ത പരന്നത്. പരിസരവാസികളുമായി ഒരു ബന്ധവും പുലർത്താതിരുന്ന കൃഷ്ണനും കുടുംബവും ദിവസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.
നാല് ദിവസമായി ഇവരുടെ റബർ തോട്ടത്തിൽ പാലെടുക്കുന്നില്ലെന്ന് മനസിലാക്കി പ്രദേശവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി വീടിനുള്ളിൽ കടന്ന് പരിശോധിച്ചപ്പോൾ രക്തക്കറ കണ്ടെത്തി. വീട്ടുകാരെ കാണാതായതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി വീടിന് പരിസരത്ത് പരിശോധന നടത്തിയപ്പോൾ ചാണകക്കുഴിയോട് ചേർന്ന് പുതിയ കുഴിയെടുത്തിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. തുടർന്ന് ഇവിടെ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹങ്ങൾ ലഭിച്ചത്. ആറടി മാത്രമുള്ള കുഴിയിൽ നാല് മൃതദേഹങ്ങളും ഒന്നിച്ചാണ് കുഴിച്ചു മൂടിയിരുന്നത്. കൃഷ്ണന്റെ മൃതദേഹം ഏറ്റവും അടിയിലായിരുന്നു.
പുറത്തെടുത്ത മൃതദേഹങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകങ്ങൾ എപ്പോൾ നടന്നുവെന്ന കാര്യം പോലീസിന് വ്യക്തമായിട്ടില്ല. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. പരിസരവാസികളുമായി അടുപ്പമില്ലാതിരുന്നതിനാൽ നാല് ദിവസമായി ഇവരെ കാണാതായിട്ടും ആരും തിരക്കിയിരുന്നില്ല.
കാളിയാർ സിഐയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട കുടുംബം ദുർമന്ത്രവാദം പോലുള്ള ആചാരങ്ങൾ പിന്തുടർന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.