പേരൂര്‍ക്കട: വളരെക്കുറഞ്ഞ ദിവസംകൊണ്ട് ചകിരിച്ചോര്‍ ജൈവവളമാക്കി മാറ്റി കൃഷിക്ക് ഉപയുക്തമാക്കാനുള്ള സാങ്കേതികവിദ്യയുടെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ് കുടപ്പനക്കുന്നിലെ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ ചര്‍ച്ചയ്ക്കു വഴിതുറക്കുകയാണ് നാളെ കുടപ്പനക്കുന്നില്‍ നടക്കാനിരിക്കുന്ന സെമിനാര്‍.
മന്ത്രിമാരായ തോമസ് ഐസക്ക്, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ് സെമിനാര്‍. കേരളത്തിലെ 14 ജില്ലകളിലും തെങ്ങുല്പ്പാദനമുള്ളതിനാല് തൊണ്ട് സംഭരിക്കുക പ്രയാസമല്ല. കര്‍ഷകരില്‍നിന്നു ശേഖരിക്കപ്പെടുന്ന തൊണ്ടില്‍ നിന്ന് ചകിരിച്ചോര്‍ വേര്‍തിരിച്ചെടുത്തശേഷം 25 ദിവസത്തിനുള്ളില്‍ അതിനെ ജൈവവളമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
തൊണ്ടുതല്ലല്‍ യന്ത്രങ്ങള്‍, നെയ്ത്തു യന്ത്രങ്ങള്‍, തറികള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചതു കൂടാതെ ഇന്സ്റ്റിറ്റ്യൂട്ടിന്റേതായ പുതിയ ചില യന്ത്രങ്ങള്‍ അവതരിപ്പിക്കാനും സ്ഥാപനത്തിനു സാധിച്ചിട്ടുണ്ട്. യുവ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന പരിശീലനക്ലാസുകള്‍ സംഘടിപ്പിച്ചുവരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിരന്തര ഗവേഷണങ്ങളും നടന്നുവരുന്നുണ്ട്.
സങ്കരയിനം കയറുകളും കയറുല്‍പ്പന്നങ്ങളും ഉല്പ്പാദിപ്പിച്ചെടുക്കുന്നതില് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. കയറിന് ശബ്ദം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ പ്രകമ്പനങ്ങള്‍ ഒഴിവാക്കാന്‍ ഇതിനു സാധിക്കും. തമിഴ്നാടിനെയാണ് തൊണ്ടിന് കേരളം ആശ്രയിച്ചു വരുന്നത്.
ആലപ്പുഴ ജില്ലയില്‍ മാത്രം ധാരാളം തൊണ്ടുകള്‍ ശേഖരിക്കാന്‍ നമുക്ക് സാധിക്കും. തൊണ്ടുതല്ലല്‍ യന്ത്രങ്ങള്‍ സംസ്ഥാനത്ത്് വ്യാപകമായി സ്ഥാപിക്കാനായാല്‍ ചകിരിച്ചോര്‍ വേര്‍തിരിക്കല്‍ ഫലപ്രദമാകും. വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലുടനീളം 1000 ഓളം തൊണ്ടുതല്ലല്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് പരിപാടിയുള്ളത്.
കേരളത്തില്‍ ഒരുവര്‍ഷം 600 കോടിക്കടുത്ത് തേങ്ങ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതില്‍നിന്നുള്ള തൊണ്ട് മുഴുവനായി ശേഖരിക്കാനായാല് പിന്നെ നമുക്ക് തിരിഞ്ഞുനോക്കേണ്ടതായി വരില്ല. ചകിരിച്ചോര്‍ ജൈവവളമാക്കി മാറ്റിയാല്‍ അതു കൃഷിഭവനുകളുടെ സഹായത്തോടെ അവരുടെ ഔട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്യാനാകും. കര്‍ഷകര്‍, സ്വകാര്യവ്യക്തികള്‍, കുടുംബശ്രീകള്‍ എന്നിവരുടെ സഹകരണംകൂടി ഈ മേഖലയില്‍ ഉണ്ടായാല്‍ മാത്രമേ കയറിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ.