കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കാസർഗോഡ് സ്വദേശിയാണ് പിടിയിലായത്. ഇയാൾ എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു. കേസിലെ പ്രതികളെ സംസ്ഥാനം വിടാൻ ഇയാൾ സഹായിച്ചിരുന്നുവെന്നു പോലീസ് പറഞ്ഞു.
ജൂലൈ ഒന്നിന് രാത്രിയായിരുന്നു അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ചുവരെഴുത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അഭിമന്യു കൊല്ലപ്പെട്ടിട്ടു ഒരു മാസം തികയുന്പോൾ കൊലയാളി സംഘത്തിലെ എട്ട് പേർ ഒളിവിലാണ്.
കേസിൽ 14 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. കൊലയാളി സംഘത്തെ ക്യാന്പസിലേക്ക് വിളിച്ചു വരുത്തിയ മഹാരാജസ് കോളജ് വിദ്യാർഥി ജെ.ഐ. മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത കണ്ണൂർ സ്വദേശി മുഹമ്മദ് റിഫ തുടങ്ങിയവരെ പിടികൂടാൻ അന്വേഷണ സംഘത്തിനു സാധിച്ചിട്ടുണ്ട്.