സ്വന്തം ലേഖകൻ
കോഴിക്കോട്: ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട്ട് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ ഹിന്ദുത്വ പരാമർശം ചർച്ചയാകുന്നു. സംസ്ഥാന പ്രസിഡന്റ് ആദ്യമായി നൽകിയ അഭിമുഖത്തിൽ തന്നെ ഹിന്ദുത്വ പരാമർശം നടത്തിയതാണ് ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ മുറുമുറുപ്പുണ്ടാക്കുന്നത്.
ബിജെപിയുടെ ആത്മാവ് ഹിന്ദുത്വമാണെന്നും ഹൈന്ദവ സംഘടനകളുടെ പിന്തുണയുള്ളതിനാൽ തന്നെയാണ് താൻ പ്രസിഡന്റായതെന്നുമാണ് ശ്രീധരൻപിള്ള പറഞ്ഞിരുന്നത്. എന്നാൽ ഇതൊരു മതസംഘടനാ നേതാവിന്റെ വാക്കുകളാണെന്ന നിലപാടിലാണ് ഒരു വിഭാഗം.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിന് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയണമെന്നും ഇക്കൂട്ടർ പറയുന്നു. ഭൂരിപക്ഷത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയല്ല ബിജെപി എന്ന വാദവും ഇവർ മുന്നോട്ടുവയക്കുന്നു. എല്ലാവർക്കും തുല്യ നീതി, ആരോടുമില്ല പ്രീണനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ഇത്തരം പരാമർശം നടത്തിയത് തിരിച്ചടിയാകുമെന്നും മുതിർന്ന നേതാക്കൾ പറയുന്നു.
ബിജെപി മുന്നോട്ടുവയ്ക്കുന്ന ആശയം സാമൂഹികനീതി ആണെങ്കിൽ ഒരു വിഭാഗത്തിന്റെ മാത്രം നേതാവാണ് തങ്ങളുടെ പ്രസിഡന്റ് എന്ന് തെറ്റിധാരണ ജനങ്ങൾക്കുണ്ടാകുമെന്നും മുതിർന്ന നേതാക്കൾ പറയുന്നു. എല്ലാവരെയും ഒരുകുടക്കീഴിൽ അണിനിരത്തി എൻഡിഎ വിപുലീകരിക്കുമെന്നാണ് ശ്രീധരൻപിള്ള ഇന്നലെ പറഞ്ഞിരുന്നത്.
എന്നാൽ താൻ ഹിന്ദു നേതാവായതിനാലാണ് ആർഎസ്എസ് പിന്തുണച്ചതെന്ന പരാമർശം അപക്വമാണെന്നും ഇക്കൂട്ടർ പറയുന്നു. ഇത് ന്യൂനപക്ഷങ്ങളെ അകറ്റാൻ മാത്രമേ ഉപകരിക്കുകയുള്ളൂ.
കേരളത്തിലെ നിലവിലെ സാഹചര്യം ബിജെപിക്ക് എന്തുകൊണ്ടും അനുകൂലമാണ്. ഇരുമുന്നണികളിലും അസംതൃപ്തരായവർ എൻഡിഎയുടെ ഭാഗമാകാൻ മുന്നോട്ടുവരുന്ന സ്ഥിതിയുമാണുള്ളത്. പക്ഷെ, ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ ഭൂരിപക്ഷ പ്രീണന നിലപാട് സ്വീകരിച്ചാൽ പാർട്ടിയുടെ ലക്ഷ്യം നടക്കില്ലെന്നും എതിർപ്പുയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നു.
എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് ബിജെപി എന്ന തരത്തിലുള്ള വിശ്വാസം നേടിയെടുക്കുകയാണ് ആദ്യം വേണ്ടത്. വളരെ പ്രതീക്ഷയോടെ ജനങ്ങൾ സംസ്ഥാന പ്രസിഡന്റിനെ നോക്കികാണുന്പോൾ തുടക്കത്തിൽ തന്നെ ജനങ്ങളുടെ പ്രതീക്ഷ അറ്റുപോകുന്ന സ്ഥിതിയാണുണ്ടായതെന്നും മറു വിഭാഗം പറയുന്നു.
ഒരു ഹൈന്ദവ സംഘടനാ നേതാവിനെ പോലെയാണ് ശ്രീധരൻപിള്ള പെരുമാറിയതെന്നും അവർ പറയുന്നു. ബിജെപിയിലേക്ക് ഇന്ന് എല്ലാ മതവിഭാഗവും എത്തുന്നുണ്ട്. പ്രവർത്തകരായും അണികളായും മോഡി ഫാൻസ് ആയും നിരവധി പേരാണ് ബിജെപിയിലേക്ക് വരുന്നത്. ഇത് ഒരു മതത്തിന്റെയും ലേബലിൽ അല്ല. ഇത്തരത്തിൽ പാർട്ടിയിലെത്തുന്നവരെ കൂടി വിശ്വാസത്തിലെടുക്കാൻ സംസ്ഥാന പ്രസിഡന്റിന് സാധിക്കണമെന്നാണ് ഇക്കൂട്ടർ പറയുന്നത്.