ഗുരുവായൂർ: സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കുന്പോൾ ഭവന രഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂരിൽ പറഞ്ഞു.സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന പിഎംആർവൈ-ലൈഫ് മിഷൻ പദ്ധതിയിൽ നഗരസഭയിൽ പൂർത്തീകിരിച്ച 195 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിലെ താഴേതട്ടിലെ മനുഷ്യരുടെ ജീവിതാവശ്യങ്ങൾ നിറവേറ്റുകയെന്നാതാണ് സർക്കാരിന്റെ ലക്ഷ്യം.അതിനാവശ്യമായ പുതിയ വിഷനുകൾ പ്രഖ്യാപിച്ച് നടിപ്പിലാക്കി വരികയാണ്. വിദ്യഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും പാവപെട്ടവർക്കും സാധാരണക്കാർക്കും എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനും സർക്കാരിന് കഴിഞ്ഞു.
ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നതിൽ അതിവേഗം മുന്നോട്ടുപോകുന്ന ഗുരുവായൂർ നഗരസഭയെ മന്ത്രി അഭിനന്ദിച്ചു.കെ.വി.അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷനായി.നഗരസഭ ചെയർപേഴ്സണ്‍ പ്രൊഫ.പി.കെ.ശാന്തകുമാരി,വൈസ് ചെയർമാൻ കെ.പി.വിനോദ്,സ്ഥിരംസമിതി അധ്യക്ഷൻമാരായ നിർമല കേരളൻ,കെ.വി.വിവിധ്,ടി.എസ്.ഷെനിൽ,എം.രതി,കൗണ്‍സിലർമാരായ ടി.ടി.ശിവദാസൻ,ആർ.വി.മജീദ്,എ.പി.ബാബു എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ രണ്ടുലക്ഷവും നഗരസഭയുടെ വിഹിതമായി രണ്ടു ലക്ഷവുമുൾപ്പെടെ നാലു ലക്ഷമാണ് ഒരു ഉപഭോക്താവിന് നൽകുന്നത്.സർക്കാരിന്റെ പ്ലാൻ അനുസരിച്ച് 635ചരുശ്രഅടി വീടാണ് നിർമിക്കുന്നത്.നഗരസഭിൽ പദ്ധതിക്ക് കരാർ ഒപ്പിട്ട 430 പേരിൽ 195പേർക്കാണ് മന്ത്രി താക്കോൽദാനം നടത്തിയത്.ഇതിൽ പൂർത്തീകരിക്കാത്ത 106 ഭവനങ്ങളും പുതിയതായി നിർമിച്ച 89 ഭവനങ്ങളുമാണുള്ളത്.