തൊടുപുഴ: ദുരൂഹതകളുടെ വീട് ആയിരുന്നു നാലംഗ കുടുംബം കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട വണ്ണപ്പുറം മുണ്ടൻമുടി കാനാട്ടുവീട്. ഒറ്റപ്പെട്ടുനിൽക്കുന്ന ഈ വീടിനെ ചൂഴ്ന്ന് എന്നും ദുരൂഹതകളായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.
മന്ത്രവാദത്തിനും മറ്റും പുറം നാട്ടിൽനിന്നു വരുന്നവർ മാത്രമായിരുന്നു ഈ വീട്ടിലേക്കു വന്നിരുന്നവരിലേറെയും. ബന്ധുക്കൾ പോലും ഇവരുമായി അകലം പാലിച്ചിരുന്നതായിട്ടാണ് സൂചന.
ഗൃഹനാഥൻ കൃഷ്ണൻകുട്ടി (52), ഭാര്യ സൂശീല(50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരുടെ കൊലപാതകത്തിനു പിന്നിലും ചുരുളഴിയാത്ത ദുരൂഹതകൾ നിറഞ്ഞിരിക്കുകയാണ്. ഇവിടേക്കു പ്രവേശിക്കാൻ തന്നെ ഭയമാണെന്നാണ് അയൽവാസികളിൽ പലരും പറയുന്നത്.
ഒന്നിനു പിന്നിൽ മറ്റൊന്നായി അടുക്കിയ നിലയിലാണ് വീടിനു പിന്നിലെ കുഴിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒറ്റപ്പെട്ട വീടായതിനാൽ ഇവിടെനിന്നു നിലവിളിച്ചാൽ പോലും കേൾക്കില്ലെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക സ്വഭാവക്കാരനായ കൃഷ്ണൻകുട്ടിയുമായി അടുക്കാൻ നാട്ടുകാർ ആരും തന്നെ താത്പര്യം കാണിച്ചിരുന്നില്ല. മന്ത്രവാദം പോലുള്ള കാര്യങ്ങളിലേക്ക് തങ്ങളെയും ഇടപെടുത്തുമോയെന്ന ആശങ്ക മൂലമാണ് നാട്ടുകാരിൽ പലരും ഇവരിൽനിന്ന് അകന്നുനിന്നിരുന്നത്.
ഈ വീട്ടിൽ ആളനക്കമില്ലാതായിട്ടു ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഇന്നു മാത്രമാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽ വരുന്നത്. അന്വേഷിച്ചപ്പോൾ വീട്ടിൽ ആരെയും കാണാതിരുന്നതിനെത്തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. അവർ വന്നു പരിശോധിച്ചപ്പോൾ വീടിനുള്ള രക്തക്കറ കാണുകയും കൂടുതൽ അന്വേഷണത്തിൽ വീടിനു പിന്നിൽ കുഴിയെടുത്തതുപോലെ മണ്ണിളകി കിടക്കുന്നതു കാണുകയുമായിരുന്നു. ഇതോടെ പോലീസിൽ അറിയിച്ചു.
പോലീസ് എത്തിയാണ് ഈ കുഴിയിൽ നാലു മൃതദേഹങ്ങൾ കണ്ടെത്തിയത്. കൃഷ്ണൻകുട്ടിയുടെ മൃതദേഹമായിരുന്നു ഏറ്റവും അടിയിൽ. ഇയാളുടെയും മകന്റെയും തലയ്ക്ക് അടിയേറ്റ നിലയിലും ഭാര്യയുടെയും മകളുടെയും ശരീരത്തിൽ കുത്തേറ്റ നിലയിലുമായിരുന്നു. ആറടിയോളം ആഴമുള്ള കുഴിയിലായിരുന്നു മൃതദേഹങ്ങൾ.