കോഴിക്കോട് : പോലീസിലെ ദാസ്യപ്പണി വിവാദം ചൂടാറാതെ നില്ക്കുമ്പോള് കോഴിക്കോട് സിറ്റി പോലീസില്‍ കമ്മീഷണര്‍ക്ക് “ഇസെഡ്’ സുരക്ഷ. കമ്മീഷണര്‍ എവിടെ പോവുകയാണെങ്കിലും കൂട്ടിന് സ്ട്രൈക്കിംഗ് ഫോഴ്സും ഉണ്ടാവും.
ദാസ്യപ്പണി വിവാദത്തെ തുടര്‍ന്നു ഡിജിപി ലോക്നാഥ് ബഹ്റയുടെ നിര്‍ദേശപ്രകാരം ഐപിഎസുകാര്‍ അവരുടെ കൂടെയുള്ള പോലീസുകാരെ പിന്‍വലിച്ചിരുന്നുവെങ്കിലും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാര്‍ ഇതിന് തയാറായിട്ടില്ല.
എആര്‍ ക്യാമ്പില്‍ നിന്നും സ്ഥിരമായി 12 പേരെയാണ് സ്ട്രൈക്കിംഗ് ഫോഴ്സായി വിന്യസിപ്പിക്കുന്നത്. നഗരത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാവുമ്പോള്‍ ഇടപെടുന്നതിനു വേണ്ടിയാണ് സ്ട്രൈക്കിംഗ് ഫോഴ്സിനെ തയാറാക്കി നിര്‍ത്തുന്നത്.
എന്നാല്‍ സിറ്റി പോലീസ് കമ്മീഷണറായി കാളിരാജ് മഹേഷ്കുമാര്‍ ചുമതലയേറ്റതിനു ശേഷം സ്ട്രൈക്കിംഗ് ഫോഴ്സിനെ അദ്ദേഹം “സ്വന്തമാക്കി’. കമ്മീഷണര്‍ എവിടെ പോവുമ്പോഴും ഔദ്യോഗിക വാഹനത്തിനു തൊട്ടുപിന്നാലെ ടെമ്പോ ട്രാവലറില്‍ സ്ട്രൈക്കിംഗ് ഫോഴ്സും ഉണ്ടാവണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കമ്മീഷണര്‍ ഓഫീസിലേക്കും തിരിച്ച് വീട്ടിലേക്കും പോവുമ്പോള്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഏതെങ്കിലും പൊതു പരിപാടിയ്ക്ക് കമ്മീഷണര്‍ പങ്കെടുക്കുകയാണെങ്കില്‍ അവിടേയും സ്ട്രൈക്കിംഗ് ഫോഴ്സിന്റെ സേവനം നിര്‍ബന്ധമാണ്.
ഡ്രൈവര്‍, ഗണ്മാന് എന്നിവരാണ് കമ്മീഷണര്‍മാര്‍ക്ക് ഒപ്പം വാഹനത്തിലുണ്ടാവാറുള്ളത്.എന്നാല്‍ ഇപ്പോള്‍ കമ്മീഷണറുടെ വാഹനത്തിലെ രണ്ടുപേരെ കൂടാതെയാണ് പിന്നിലുള്ള വാഹനത്തില്‍ 12 പേര് അകമ്പടി സേവിക്കുന്നത്.
ഇതോടെ കമ്മീഷണറുടെ പാത പിന്തുടരാന് 14 സുരക്ഷാ ഉദ്യോഗസ്ഥരാണു വേണ്ടത്. തമിഴ്നാട് സ്വദേശിയായ കമ്മീഷണര്‍ ജമ്മുകശ്മീര്‍ കേഡര്‍ ഐപിഎസുകാരനാണ് കാളിരാജ് മഹേഷ് കുമാര്‍ . കാശ്മീരില്‍ വച്ച് വെടിയേറ്റതിനെ തുടര്‍ന്നാണ് കേന്ദ്രത്തില്‍ ഇടപെട്ട് ഇന്റര്‍ കേഡര്‍ ട്രാന്‍സ്ഫര്‍ വഴി കേരളത്തിലേക്ക് സ്ഥലം മാറി എത്തിയത്.
അതേസമയം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കമ്മീഷണര്‍ക്ക് പ്രത്യേക സുരക്ഷ വേണമെന്ന റിപ്പോര്‍ട്ട് ഇതുവരേയും നല്‍കിയിട്ടില്ല. എന്നിട്ടും സ്വന്തം സുരക്ഷക്കായി മാത്രം 12 പോലീസുകാരെ വിന്യസിപ്പിച്ചത് സേനയ്ക്കുള്ളില്‍ തന്നെ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
ഭരണാനുകൂല സംഘടനയും കമ്മീഷണറുടെ നടപടിയില്‍ അതൃപ്തരാണ്. ക്രമസമാധാന പ്രശ്നങ്ങളും കേസന്വേഷണവും ഒരുമിച്ച് നിര്‍വഹിക്കാന്‍ ആവശ്യമായ പോലീസുകാര്‍ കോഴിക്കോട് സിറ്റിയില്‍ ഇല്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ അടിസ്ഥാനത്തിലാണ് ഇപ്പോഴും പോലീസുകാരെ നിയമിച്ചിട്ടുള്ളത്. അംഗബലകുറവ് കേസന്വേഷണത്തേയും മറ്റും ബാധിക്കുന്നതിനിടെയാണ് കമ്മീഷണര്‍ അനാവശ്യമായി 12 പേരെ അധികമായി ഒപ്പം കൂട്ടിയത്.