കൊച്ചി: പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകുന്നേരം 4.40 ന് ആയിരുന്നു അന്ത്യം. അർബുദബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. പി. അബു ഇബ്രാഹിം എന്നാണ് യഥാർഥ പേര്.
കഴിഞ്ഞ നാലുപതിറ്റാണ്ട് മലയാളത്തിന്റെ ഗസൽ നാദമായി നിറഞ്ഞുനിന്ന ഉംബായിയുടെ ആദ്യ ആൽബം 1988 ൽ ആണ് പുറത്തിറങ്ങിയത്. പിന്നീട് ഇരുപതോളം ആൽബങ്ങൾ പുറത്തിറക്കി. പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, ഒരിക്കൽ നീ പറഞ്ഞു തുടങ്ങിയവ പ്രശസ്ത ഗസൽ ആൽബങ്ങളാണ്. എം.ജയചന്ദ്രനോടൊത്ത് ‘നോവൽ’ എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചു. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്.
ഉമ്പായിയും സച്ചിദാനന്ദനും ചേർന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസൽ ഗാന ആൽബമായിരുന്നു “അകലെ മൗനം പോലെ”. അതിന് ശേഷം ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു “പാടുക സൈഗാൾ പാടുക” എന്നത്.