നാൻജിങ്: ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത്, പി.വി. സിന്ധു, സായ്പ്രണീത് എന്നിവർ പ്രീക്വാർട്ടറിൽ. അതേസമയം, എച്ച്.എസ്. പ്രണോയ്, സമീർ വർമ എന്നിവർ രണ്ടാം റൗണ്ടിൽ പുറത്തായി.
പുരുഷ സിംഗിൾസിൽ അഞ്ചാം റാങ്കുകാരനായ ശ്രീകാന്ത് ഒരു മണിക്കൂർ അഞ്ച് മിനിറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് സ്പാനിഷ് എതിരാളിയായ പാബ്ലോ അബിയാനെ കീഴടക്കിയത്. 21-15, 12-21, 21-14നായിരുന്നു ശ്രീകാന്തിന്റെ ജയം. സായ്പ്രണീത് സ്പെയിനിന്റെ ലൂയിസ് എൻ റിഖ് പെനൽവറിനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി പ്രീക്വാർട്ടറിൽ കടന്നത്. സ്കോർ: 21-18, 21-11.
ചൈനയുടെ ലിൻഡാൻ ആണ് സമീർ വർമയെ 21-17, 21-14 ന് രണ്ടാം റൗണ്ടിൽ കീഴടക്കിയത്. പ്രണോയ് ബ്രസീലിന്റെ ഇഗോർ കോൽഹോയോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോൽവി സമ്മതിച്ചു. സ്കോർ: 8-21, 21-16, 21-15.
വനിതാ സിംഗിൾസിൽ ലോക മൂന്നാം നന്പറായ പി.വി. സിന്ധു ഇന്തോനേഷ്യയുടെ ഫിത്രിയാനിയെ പരാജയപ്പെടുത്തിയാണ് പ്രീക്വാർട്ടറിൽ കടന്നത്. 35 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-14, 21-9നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. സൈന നെഹ്വാൾ നേരത്തേ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു.
പുരുഷ, വനിതാ ഡബിൾസിൽ ഇന്ത്യൻ സഖ്യങ്ങൾക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ സാധിച്ചില്ല. ഇന്നലെ നടന്ന രണ്ടാം റൗണ്ട് പോരാട്ടങ്ങളിൽ ഇന്ത്യയുടെ ഡബിൾസ് കൂട്ടുകെട്ടുകൾ പുറത്തായി. മിക്സഡ് ഡബിൾസിൽ സാത്വിക്സായ് രാജ് – അശ്വിനി പൊന്നപ്പ സഖ്യം പ്രീക്വാർട്ടറിൽ ഇടംനേടി.