മയാമി: ഇന്റർനാഷണൽ ചാന്പ്യൻസ് കപ്പ് ഫുട്ബോളിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിനെ ഇംഗ്ലീഷ് വന്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1നു കീഴടക്കി. അലക്സിസ് സാഞ്ചസ് (18-ാം മിനിറ്റ്), ആൻഡർ ഹെരേര (27-ാം മിനിറ്റ്) എന്നിവരാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. 45+3-ാം മിനിറ്റിൽ കരിം ബെൻസെമയുടെ വകയായിരുന്നു റയലിന്റെ ഗോൾ.
ഇതോടെ അമേരിക്കൻ പര്യടനം മാഞ്ചസ്റ്റർ ജയത്തോടെ അവസാനിപ്പിച്ചു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ശക്തമായ വിമർശനങ്ങളായിരുന്നു ഹൊസെ മൗറീഞ്ഞോയുടെ സംഘത്തിനു കേൾക്കേണ്ടിവന്നത്.
സിനദിൻ സിദാനും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാത്ത റയൽ പുതിയ തുടക്കത്തിനായുള്ള ശ്രമത്തിലാണ്. ബെയ്ൽ, ബ്രസീൽ യുവതാരം വിനീഷ്യസ് തുടങ്ങിയവർ കളത്തിലിറങ്ങിയെങ്കിലും കാര്യമായൊന്നും ചെയ്യാൻ സ്പാനിഷ് സംഘത്തിനു സാധിച്ചില്ല.
സ്പാനിഷ് ലാ ലിഗയിലെ കരുത്തരായ ബാഴ്സലോണയ്ക്കും തോൽവി നേരിട്ടു. ഇറ്റാലിയൻ ക്ലബ് എഎസ് റോമ 4-2ന് ബാഴ്സലോണയെ കീഴടക്കി. ബ്രസീൽ താരം മാൽക്കം (49-ാം മിനിറ്റ്) ബാഴ്സയ്ക്കായി കന്നിഗോൾ നേടിയ മത്സരത്തിൽ റഫിഞ്ഞയാണ് (ആറാം മിനിറ്റ്) സ്പാനിഷ് ടീമിന്റെ ആദ്യ ഗോൾ നേടിയത്.
റോമയ്ക്കായി എൽഷാർവെ (35-ാം മിനിറ്റ്), അലസാന്ദ്രോ ഫ്ളോറെൻസി (78-ാം മിനിറ്റ്), ബ്രയാൻ ക്രിസ്റ്റ്യൻ (83-ാം മിനിറ്റ്), ഡിയേഗോ പെറോട്ടി (പെനൽറ്റി, 86-ാം മിനിറ്റ്) എന്നിവർ ലക്ഷ്യംകണ്ടു.മറ്റൊരു മത്സരത്തിൽ ടോട്ടനം 1-0ന് എസി മിലാനെ കീഴടക്കി. ഷോർഷ് കെവിൻ എൻകൗഡു (47-ാം മിനിറ്റ്) ഇംഗ്ലീഷ് ക്ലബ്ബിനായി ലക്ഷ്യംനേടി.