കൊയിലാണ്ടി: ഐടിഐ വിദ്യാർഥികളെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൂടാടി ഹിൽബസാർ റോഷൻ വില്ലയിൽ റോബർട്ട്- ട്രീസ ദന്പതികളുടെ മകൻ റിജോ റോബർട്ട് (20), നടുവണ്ണൂർ കാവിൽ ഒറ്റപുരക്കൽ അബ്ദുൾ ഹമീദ്-ഫസിയ ദന്പതികളുടെ മകൾ ഫഹ്മിത (20) യുടേയും മൃതദേഹങ്ങൾ ഇന്ന് രാവിലെ 6.15 ഓടെയാണ് വെള്ളറക്കാട് റെയിൽവേ സ്റ്റേഷനുസമീപം കണ്ടെത്തിയത്.
റിജോയുടെ മൃതദേഹം ചിന്നഭിന്നമായ നിലയിലും, ഫഹ്മിതയുടേത് കൂടുതൽ പരിക്കുകൾ ഇല്ലാത്ത നിലയിലുമാണ്. മൃതദേഹങ്ങൾ കൊയിലാണ്ടി പോലീസ് എത്തി മോർച്ചറിയിലെക്ക് മാറ്റി. രണ്ടുപേരും കുറുവങ്ങാട് ഐടിഐ കംപ്യൂട്ടർ ഹാർഡ്വേർ വിദ്യാർഥികളാണ്.
ഫഹ്മിതയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ 10ന് വീട്ടിൽനിന്ന് ഇറങ്ങിയ ഫഹ്മിത തിരിച്ചെത്താത്തതിനെ തുടർന്നാണ് പരാതി നൽകിയത്. ഇന്നു പുലർച്ചെ ഒന്നോടെയാണ് പോലീസ് കേസെടുത്തത്. റോഷൻ ആണ് റിജോയുടെ സഹോദരൻ. ഫാത്തിമ, അഫ്സത്ത് എന്നിവരാണ് ഫഹ്മിതയുടെ സഹോദരങ്ങൾ.