കോട്ടയം: കേരള കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പ് നേതാക്കൾ പി.ടി. ചാക്കോയുടെ ചരമവാർഷിക അനുസ്മരണത്തിൽ പാർട്ടി രൂപീകൃതമായ കോട്ടയത്ത് ഒന്നു ചേർന്നു. പലതട്ടിലും മുന്നണിയിലും നിൽക്കുന്ന കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകൾ ഒന്നാകണമെന്ന കാര്യത്തിൽ നേതാക്കൾക്കു യോജിപ്പാണെങ്കിലും അതിനുള്ള ചുമതല ആര് ഏറ്റെടുക്കുമെന്നതിൽ വ്യക്തതയുണ്ടായില്ല.
കാരണവരായ കെ.എം. മാണി യോജിപ്പിക്കലിനു കാർമികനാകണമെന്നു പി.ടി. ചാക്കോയുടെ മകനായ പി.സി. തോമസ് പറഞ്ഞപ്പോൾ തനിക്കു പ്രായമെത്തിയതിനാൽ ചെറുപ്പക്കാരനാ യ പി.സി. തോമസ് ആ ചുമതല വഹിക്കട്ടെയെന്നു മാണി.
മുന്നോടിയായി സൗഹൃദം വളരണമെന്നും ഏച്ചുകെട്ടിയാൽ യോജിപ്പാകില്ലെന്നും മാണിയുടെ ഉപദേശം. സഹകരണവും സൗഹാർദതയും ഉറപ്പാക്കാൻ രണ്ടു വർഷത്തെ പ്രൊബേഷൻ വേണ്ടതുണ്ടെന്നും മാണിയുടെ ഉപദേശം.
കെ.എം. മാണി, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ എന്നിവരുടെ കൈകൾ കെപിഎസ് മേനോൻ ഹാളിൽ നടന്ന ചടങ്ങിൽ അധ്യക്ഷനായിരുന്ന പി.സി. തോമസ് കോർത്തു പിടിച്ചു യോജിപ്പിന്റെ ഒന്നാം ഭാഗം ഇതാവട്ടെയെന്നു പ്രഖ്യാപിച്ചു. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ എന്നിവരും ഒന്നാകണമെന്ന താൽപര്യം പറഞ്ഞെങ്കിലും എങ്ങനെ ഒന്നാകും, ആര് ഒന്നാക്കും എന്നതിൽ അവ്യക്തത.
കോണ്‍ഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെ അനുസ്മരണത്തെക്കാൾ ഒരൊറ്റ കേരള കോണ്‍ഗ്രസ് എന്ന ആശയും ആശയവുമാണു വിവിധ നേതാക്കൾ പറഞ്ഞുവച്ചത്. ഒരു കേരള കോണ്‍ഗ്രസ് മതിയെന്നതാണ് ജനങ്ങളുടെ താത്പര്യമെന്നും അതാണ് നാടിന്റെ നന്മയ്ക്കു നല്ലതെന്നും ആവർത്തനമുണ്ടായി.
പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളായ ആർ. ബാലകൃഷ്ണപിള്ളയെ ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുത്തില്ല. ജനപക്ഷത്തുള്ള പി.സി. ജോർജും മറ്റൊരു കേരള കോണ്‍ഗ്രസുമായി നീങ്ങുന്ന സ്കറിയ തോമസും ചടങ്ങിനുണ്ടായിരുന്നില്ല.
കേരള കോണ്‍ഗ്രസ് വൈസ് ചെയർമാന്മാരായ അഹമ്മദ് തോട്ടം, ജോസ് മാളിയേക്കൽ, രാജൻ കണ്ണാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഗ്രേസമ്മ മാത്യു എന്നിവരും സമ്മേളത്തിൽ പങ്കെടുത്തു.