ചേർത്തല: തണ്ണീർമുക്കം ബണ്ടിന്റെ മണൽച്ചിറയിലെ മണലിന്റെ ആഴവും മൂല്യവും തിട്ടപ്പെടുത്താൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. ബിജെപി ചേർത്തല- അരൂർ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തണ്ണീർമുക്കം ബണ്ടിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടൻ ജനതയെ നേരിൽ കാണാൻ മുഖ്യമന്ത്രി തയ്യാറാകണം. സൂര്യന് താഴെയുള്ളതിനെ കുറിച്ചെല്ലാം അറിവുണ്ടെന്ന് സ്വയം നടിക്കുന്ന മന്ത്രി തോമസ് ഐസക് സ്വന്തം നാട്ടിലെ തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രൻ അധ്യക്ഷനായി. ദക്ഷിണമേഖലാ പ്രസിഡന്റ് വെളളിയാകുളം പരമേശ്വരൻ, ജില്ലാ പ്രസിഡന്റ് കെ. സോമൻ, ജനറൽ സെക്രട്ടറി എം.വി ഗോപകുമാർ, ടി. സജീവ് ലാൽ, സുമി ഷിബു, അരുണ്‍ കെ. പണിക്കർ, എം.എസ് ഗോപാലകൃഷ്ണൻ, ബി. ബാലാനന്ദ്, സി. മധുസൂദനൻ, എസ്. ദിലീപ് കുമാർ, ഇന്ദുചൂഡൻ, പി.കെ ബിനോയ്, എസ്. പത്മകുമാർ എന്നിവർ പ്രസംഗിച്ചു.