കണ്ണൂർ: മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച പരാതിയിൽ പാലക്കാട് എസ്പി ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പൊതുപ്രവർത്തകന്റെ പരാതിയിൽ പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദളിത് ആക്റ്റിവിസ്റ്റായ കണ്ണൂർ സ്വദേശിക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പതിനാറാം വയസിൽ ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാവോയിസ്റ്റ് നേതാവിന്റെ മകൾ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന വനിതാകമ്മീഷൻ, യുവജന കമ്മീഷൻ, സാമൂഹ്യപ്രവർത്തകർ എന്നിവർ പരാതി നൽകിയിരുന്നു.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി പാലക്കാട് ജില്ലാ പോലീസ് മേധാവിയെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. പീഡനം നടന്നത് കണ്ണൂരിൽ ആയതിനാൽ അന്വേഷണ സംഘം കണ്ണൂരിലെത്തും.
പീഡിപ്പിച്ചെന്ന ഫേസ് ബുക്കിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തളിപ്പറന്പ് ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പീഡനം നടന്നതെന്ന് പ റയുന്ന പിലാത്തറയിൽ ഇയാൾ താമസിച്ചിട്ടില്ലെന്നും എന്നാൽ പഴയങ്ങാടിയിൽ താമസിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ പീഡനത്തിനിരയായ പെൺകുട്ടി ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല.